Headlines

ആലപ്പുഴയിൽ സ്കൂളിൽനിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത: ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

ആലപ്പുഴ: ആലപ്പുഴയിൽ സ്കൂളിൽനിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സംഭവത്തിൽ ജാഗ്രതാ നിർദേശവുമായി ജില്ലാ മെഡിക്കൽ ഓഫീസർ. ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂളിൽനിന്ന് ജൂലൈ 19ന് ഉച്ചഭക്ഷണം കഴിച്ച ചില കുട്ടികളിൽ വൈകുന്നേരത്തോടെ ഛർദ്ദി, വയറുവേദന തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. കുട്ടികൾ ആലപ്പുഴ ജനറൽ ആശുപത്രിയിലും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലുമായി ചികിത്സ തേടി. കൂടുതലായും എൽപി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികളിലാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതെന്ന് ഡിഎംഒ അറിയിച്ചു.

എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് മിഡ് ഡേ മീൽ സ്‌കീമിൻ്റെ ഭാഗമായി ചോറും കറികളുമുൾപ്പടെ വെജിറ്റേറിയൻ ഭക്ഷണമായിരുന്നു നൽകിയത്. ഏകദേശം 900ത്തോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ 620ഓളം വിദ്യാർഥികൾ ആണ് ഉച്ചഭക്ഷണം കഴിച്ചത്. തുടർന്ന് 34 വിദ്യാർഥികൾക്ക് അസ്വസ്ഥത ഉണ്ടായി. ഇവർ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി ചികിത്സ തേടി. ഇതിൽ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ 21 കുട്ടികൾ അന്നു രാത്രി 11 മണിയോടെ ആശുപത്രിവിട്ടു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ചികിത്സയിലുള്ള അഞ്ച് കുട്ടികളെ പ്രാഥമിക പരിശോധനകൾക്ക് ശേഷം 20ന് വിട്ടയച്ചു. എട്ട് കുട്ടികൾ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.

20ന് ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. എസ്ആർ. ദിലീപ് കുമാറിൻ്റെ നേതൃത്വത്തിൽ സ്‌കൂൾ പരിസരത്തു വിശദമായ അന്വേഷണം നടത്തി. സ്‌കൂളിൽ വിദ്യാർഥികൾക്ക് ഭക്ഷണം പാചകം ചെയ്യുന്ന ജീവനക്കാർ, പാചകമുറി, ഇവിടേക്ക് വെള്ളം സംഭരിക്കുന്ന ജലസ്രോതസ്സുകൾ, കുട്ടികൾക്ക് കൈകഴുകാനും കുടിക്കാനും വെള്ളം സംഭരിച്ചു ലഭ്യമാക്കുന്ന സ്രോതസ്സുകൾ, പച്ചക്കറിയും മറ്റ് ഭക്ഷ്യ വസ്തുക്കളും സംഭരിച്ചു വച്ചിരിക്കുന്ന രീതി, അടിസ്ഥാന സൗകര്യങ്ങൾ, കുട്ടികളുടെ ടോയ്‌ലറ്റ് സംവിധാനം, സുരക്ഷിതമായ ശുചിമുറികളുടെ ലഭ്യത എന്നിവയെല്ലാം ആര്യാട് പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള ഹെൽത്ത് ടീമിൻ്റെയും ആര്യാട് ഗ്രാമപഞ്ചായത്ത് പ്രതിനിധികളുടേയും സ്‌കൂൾ അധികൃതരുടെയും സാന്നിധ്യത്തിൽ പരിശോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *