Headlines

ഹജ്ജ്, ഉംറ യാത്രകള്‍ ഇനി എളുപ്പമാവും; ആറു പേര്‍ക്ക് യാത്ര ചെയ്യാവുന്ന 100 ഇലക്ട്രിക് വിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങി സൗദി

ദുബായ്: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുണ്യഭൂമിയിലെത്തുന്ന ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് മികച്ച ഗതാഗത സൗകര്യങ്ങളൊരുക്കുന്നതിന് ഇലക്ട്രിക് വിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങി സൗദി അറേബ്യ. ഇതിന്‍റെ ഭാഗമായി ജര്‍മ്മന്‍ കമ്പനിയായ ലിലിയം എയര്‍ മൊബിലിറ്റിയില്‍ നിന്ന് 100 ഇലക്ട്രിക് വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് (എസ്എജി) ഒപ്പുവച്ചു.

പരമ്പരാഗത ഹെലികോപ്റ്ററിന് സമാനമായി പരന്ന പ്രതലങ്ങളില്‍ നിന്ന് നേരെ മുകളിലേക്ക് ലംബമായി പറന്നുയരാനും ഇറങ്ങാനും കഴിവുള്ള അത്യാധുനിക വിമാനങ്ങള്‍ പരമ്പരാഗത വിമാനത്താവളങ്ങളോ ഹെലിപാഡുകളോ ആവശ്യമില്ലാതെ കാര്യക്ഷമവും സൗകര്യപ്രദവുമായ ഗതാഗത സൗകര്യം വാഗ്ദാനം ചെയ്യാനാവുന്ന രീതിയിലാണ് ഈ ചെറു ലിലിയം വിമാനങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ആറ് യാത്രക്കാരെയും അവരുടെ ലഗേജുകളും വഹിക്കാന്‍ കഴിയുന്ന ലിലിയം വിമാനത്തിന് ഒറ്റപ്പറക്കലില്‍ 175 കിലോമീറ്റര്‍ ദൂരം മണിക്കൂറില്‍ പരമാവധി 250 കിലോമീറ്റര്‍ വേഗതയില്‍ പറന്നെത്താനാവും. ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ജെറ്റുകള്‍ പരിസ്ഥിതി സൗഹൃദവും ഹെലികോപ്റ്ററുകളെ അപേക്ഷിച്ച് ശബ്ദം ആറിരട്ടി കുറവുമാണ്

കരാര്‍ പ്രകാരം, സൗദി പ്രൈവറ്റ് ഏവിയേഷന്‍ കമ്പനിയുടെ ഇലക്ട്രിക് എയര്‍ക്രാഫ്റ്റ് ഓപ്പറേഷന്‍ ആരംഭിക്കുന്ന 2026 അവസാനത്തോടെ ആദ്യ ബാച്ച് ഇലക്ട്രിക് വിമാനങ്ങള്‍ സൗദിയിലെത്തും. ഹജ്ജ്, ഉംറ സീസണുകളില്‍ മക്കയിലേക്കും മറ്റു പുണ്യസ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്ന തീര്‍ഥാടകര്‍ക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കാന്‍ ഇതിലൂടെ സാധിക്കും. അതോടൊപ്പം ബിസിനസ്സ്, എക്സിബിഷനുകള്‍, ടൂറിസം എന്നിവയ്ക്കായുള്ള യാത്രയില്‍ വലിയ വിപ്ലവം സൃഷ്ടിക്കാനും ഈ നൂതന വിമാനങ്ങള്‍ കാരണമാവും. സൗദി ഗ്രൂപ്പിന്‍റെ അനുബന്ധ സ്ഥാപനമായ സൗദി പ്രൈവറ്റാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും

ഗതാഗതക്കുരുക്കിനെ പേടിക്കാതെ ബിസിനസ്സ് യാത്രക്കാര്‍ക്കും എക്‌സിബിഷനുകളിലും മറ്റും പങ്കെടുക്കുന്നവര്‍ക്കും എളുപ്പത്തിലും വേഗതയിലും ലക്ഷ്യസ്ഥാനത്തെത്താന്‍ ഇവ യാഥാര്‍ഥ്യമാവുന്നതോടെ സാധിക്കും. ഈ ജെറ്റുകള്‍ പ്രാദേശിക ഹബ്ബുകളിലേക്കും ജിദ്ദയില്‍ നിന്ന് മക്കയിലേക്കുള്ള പുതിയ നഗര റൂട്ടുകളിലേക്കും വേഗത്തിലുള്ളതും തടസ്സമില്ലാത്തതുമായ കണക്ഷനുകള്‍ നല്‍കുമെന്ന് കമ്പനികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *