തൃശ്ശൂർ: കേന്ദ്ര ബജറ്റ് നാളെ അവതരിപ്പിക്കപ്പെടുമ്പോൾ കേരളത്തില്‍ നിന്ന് ആദ്യമായി ബിജെപിക്ക് ഒരു എംപിയെ നൽകിയ തൃശ്ശൂരിന്റെ പ്രതീക്ഷകളും വാനോളമാണ്. കേന്ദ്ര ടൂറിസം സഹമന്ത്രിയായ സുരേഷ് ഗോപിയുടെ മുൻകൈയിൽ തൃശ്ശൂരിലേക്ക് പുതിയ ടൂറിസം പദ്ധതികൾ വരുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ജനങ്ങൾ. നേരത്തേ തന്നെ ഇക്കാര്യത്തിൽ ചില സൂചനകൾ അദ്ദേഹം നൽകിയിരുന്നു. അതിലൊന്നാണ് ടൂറിസം സ്പിരിച്വൽ സർക്യൂട്ട്.
തൃശ്ശൂരിലെ വിജയത്തിനു ശേഷം തൃശ്ശൂർ പ്രസ് ക്ലബ്ബിൽ മാധ്യമങ്ങളോട് സംസാരിക്കവെ സുരേഷ് ഗോപി പറഞ്ഞത് ചില തീർത്ഥാടന കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതി താൻ ആലോചിക്കുന്നുണ്ട് എന്നായിരുന്നു. വേളാങ്കണ്ണി പള്ളിയിൽ നിന്ന് തുടങ്ങി, ദിണ്ഡിഗലിലെ ചില ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളിലൂടെ കടന്ന്, ഇടുക്കിയിലെ മംഗളാദേവി ക്ഷേത്രത്തിലൂടെ വന്ന്, ഭരണങ്ങാനത്തെ സെന്റ് അല്‍ഫോൺസ ശവകുടീരം, മലയാറ്റൂർ പള്ളി, കാലടി ശങ്കരാചാര്യ ടവർ, കൊടുങ്ങല്ലൂർ ക്ഷേത്രം, ചേരമാൻ പള്ളി എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു കോറിഡോറാണ് ആലോചിക്കുന്നത്.
ഈ സര്‍ക്യൂട്ട് അവസാനിക്കുക തൃശ്ശൂരിലെ ലൂർദ്ദ് പള്ളിയിലായിരിക്കും. ഫോർട്ട് കൊച്ചിയിലെ ജൂതത്തെരുവിലേക്കും ഈ സർക്യൂട്ട് നീട്ടാവുന്നതേയുള്ളൂ എന്ന അഭിപ്രായവും സുരേഷ് ഗോപിക്കുണ്ട്. ഈ പദ്ധതിക്കു വേണ്ടിയുള്ള നീക്കിവെപ്പ് വല്ലതും ഉണ്ടാകാനുള്ള സാധ്യതയാണ് തൃശ്ശൂരുകാർ ഇത്തവണത്തെ ബജറ്റിൽ ആകാംക്ഷയോടെ കാക്കുന്നത്.