ഇന്ത്യക്ക് വേണ്ടി അവസാനമായി കളിച്ച ഏകദിന മല്‍സരത്തില്‍ സെഞ്ചുറി നേടിയ താരമാണ് മലയാളിയുടെ അഭിമാനമായ സഞ്ജു സാംസണ്‍ (Sanju Samson). കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മാച്ച് വിന്നിങ് സെഞ്ചുറിയാണ് സഞ്ജു നേടിയത്. ഇതിന് ശേഷം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഗംഭീര പ്രകടനം നടത്തി ടി20 ലോകകപ്പ് ടീമിലും ഇടംപിടിച്ചു. ഈയിടെ സിംബാബ്‌വെയില്‍ നടന്ന ടി20 മല്‍സരങ്ങളിലും കിട്ടിയ അവസരം ഉപയോഗപ്പെടുത്തി സഞ്ജു ശ്രദ്ധപിടിച്ചുപറ്റി. എന്നാല്‍ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാന്‍ ഇതൊന്നും മതിയായിരുന്നില്ല.
ഇന്ത്യക്ക് വേണ്ടി 16 ഏകദിനങ്ങളില്‍ നിന്ന് 14 ഇന്നിങ്‌സുകളിലായി സഞ്ജു ഒരു സെഞ്ചുറി ഉള്‍പ്പെടെ 510 റണ്‍സാണ് നേടിയത്. 55.67 ശരാശരിയില്‍ 99.61 എന്ന മികച്ച ഏകദിന സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. ഇപ്പോള്‍ ഏകദിന ടീമില്‍ നിന്ന് തഴയപ്പെട്ടതിനാല്‍ വരാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയും സഞ്ജുവിന് നഷ്ടമായേക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ലങ്കന്‍ പര്യടനത്തിന് തെരഞ്ഞെടുത്ത ടീമില്‍ ഉടനടി മാറ്റംവരുത്താന്‍ തയ്യാറാവില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
അജിത് അഗാര്‍ക്കറും (Ajit Agarkar) ഗൗതം ഗംഭീറും (Gautam Gambhir) ചേര്‍ന്ന് മാധ്യമങ്ങളെ കണ്ടപ്പോഴാണ് സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതിനെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നത്. ശ്രീലങ്കന്‍ പര്യടനത്തിന് ഇന്ത്യന്‍ സംഘം മുംബൈയില്‍ നിന്ന് യാത്രതിരിക്കുന്നതിന് മുമ്പായി വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു
സഞ്ജുവിന് പുറമേ റിതുരാജ് ഗെയ്ക്‌വാദ്, അഭിഷേക് ശര്‍മ എന്നിവരെ ഉള്‍പ്പെടുത്താത്തതിനെ കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നു. സിംബാബ്‌വെയില്‍ ഈയിടെ സമാപിച്ച ടി20 പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയവരാണ് ഇരുവരും.
അഗാര്‍ക്കറിന്റെ വിശദീകരണം
ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാതിരിക്കുമ്പോള്‍ ഏതൊരു കളിക്കാരനും പ്രയാസമുണ്ടാവുമെന്നും എന്നാല്‍ എല്ലാവരേയും 15 അംഗ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നും ചീഫ് സെലക്ടര്‍ പറഞ്ഞു.
‘ടീമില്‍ ഉള്‍പ്പെടാതെ പോയ ഏതൊരു കളിക്കാരനും പ്രയാസമുണ്ടാവും. ചിലപ്പോള്‍ അങ്ങനെയാണ് കാര്യങ്ങള്‍. എല്ലാവരേയും 15 അംഗ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ചെയ്യുന്നത്. തന്റേതല്ലാത്ത കാരണത്താലാണ് റിങ്കു സിങിന് ടി20 ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടാനാവാതെ പോയതെന്ന് കൂടി ഓര്‍ക്കണം’- അഗാര്‍ക്കര്‍ പറഞ്ഞു.