നടപ്പ് സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിലേക്കുള്ള പ്രവർത്തനഫലം കോർപറേറ്റ് കമ്പനികൾ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പൊതുമേഖല എണ്ണക്കമ്പനിയായ ബിപിസിഎൽ അഥവാ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡും ഏപ്രിൽ – ജൂൺ ത്രൈമാസ കാലയളവിലേക്കുള്ള പ്രവർത്തനഫലം ഇക്കഴിഞ്ഞ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. കമ്പനിയുടെ അറ്റാദായത്തിൽ 71 ശതമാനം ഇടിഞ്ഞ് 3,015 കോടി രൂപയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം സമാന പാദത്തിൽ ബിപിസിഎല്ലിന്റെ അറ്റാദായം 10,551 കോടി രൂപയായിരുന്നു.
അതുപോലെ ഒന്നാം പാദത്തിൽ കമ്പനിയുടെ വരുമാനം 1.28 ലക്ഷം കോടിയാണ്. വാർഷികമായി നോക്കിയാൽ വിറ്റുവരവ് കണക്കിൽ മാറ്റമില്ല. അതേസമയം ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ 70 ശതമാനത്തിലധികം കുറവ് രേഖപ്പെടുത്തിയിട്ടും തിങ്കളാഴ്ച രാവിലത്തെ വ്യാപാരത്തിൽ ബിപിസിഎൽ (BSE: 500547, NSE: BPCL) ഓഹരികളിൽ മുന്നേറ്റം പ്രകടമായി. ഒരു ഘട്ടത്തിൽ നാല് ശതമാനത്തിലധികം കുതിച്ചുയർന്ന ഓഹരി വില അവസാനം രണ്ട് ശതമാനം നേട്ടത്തോടെ 308 രൂപയിൽ ക്ലോസ് ചെയ്തു. ബിപിസിഎൽ ഓഹരിയുടെ ഒന്നാം പാദഫലം പുറത്തുവന്നതിനു ശേഷം പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങൾ ബിപിസിഎൽ ഓഹരിയെ കുറിച്ച് പ്രസിദ്ധീകരിച്ച റിസർച്ച് റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ നോക്കാം.
പ്രമുഖ വിദേശ ബ്രോക്കറേജ് സ്ഥാപനങ്ങളിലൊന്നായ ജെഫറീസ് ഇന്ത്യ, ബിപിസിഎൽ ഓഹരിയിൽ നൽകിയിരുന്ന ‘ബൈ റേറ്റിങ്’ നിലനിർത്തിയിട്ടുണ്ട്. കൂടാതെ ഓഹരിയുടെ സമീപകാല ടാർഗറ്റ് പ്രൈസ് ഉയർത്തി നിശ്ചയിച്ചു. നേരത്തെ നൽകിയിരുന്ന 365 രൂപയിൽ നിന്നും 385 രൂപയിലേക്കാണ് ബിപിസിഎൽ ഓഹരിയുടെ ടാർഗറ്റ് പ്രൈസ് ഉയർത്തിയത്. ഇത് ഓഹരിയുടെ തിങ്കളാഴ്ചത്തെ ക്ലോസിങ് വിലയേക്കാൾ 25 ശതമാനം ഉയർന്ന വിലനിലവാരമാകുന്നു. അതേസമയം ജൂൺ പാദഫലം ഏറെക്കുറെ പ്രതീക്ഷിച്ച നിലവാരത്തിലായിരുന്നു.