Headlines

കുണ്ടന്നൂര്‍-തേവര മേല്‍പ്പാലം അറ്റക്കുറ്റപണി; പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്, പരിശോധിക്കാന്‍ നിർദേശം

കൊച്ചി: കൊച്ചിയിലെ കുണ്ടന്നൂർ തേവര പാലം അറ്റകുറ്റപ്പണിക്കായി അടച്ചു എന്ന വാർത്ത എത്തിയതിന് പിന്നാലെയാണ് പ്രതികരണവുമായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തിയത്. മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നൽകി. പാലത്തിന്റെ ജോലിയിൽ എന്തെങ്കിലും അപാകത സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ പാലത്തിന്റെ അറ്റകുറ്റപണികൾ നടത്തിയത്. ശരിയായ രീതിയില്‍ പണിവേഗത്തിൽ പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കാൻ നിര്‍ദ്ദേശം നല്‍കിയിരുന്നു. മഴ പൂർത്തിയാകുന്നതോടെ ഓവർലേ പ്രവൃത്തികൾ ക്രമീകരിക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

കാലാവസ്ഥ അനുകൂലമായതോടെ രണ്ടുദിവസം കൊണ്ട് പണി പൂർത്തിയാക്കി ഇന്നലെ റോഡ് തുറന്നു കൊടുത്തിരുന്നു. പണി ശരിയായ രീതിയിൽ നടന്നിട്ടില്ലെന്ന ആക്ഷേപം ഇപ്പോഴും ഉയരുന്നുണ്ട്. മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനും ആലുവ എൻ.എച്ച്. സബ് ഡിവിഷൻ അസി. എക്സിക്യുട്ടീവ് എൻജിനിയർക്കും ഈ കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടുണ്ട്. ഇപ്പോൾ നടത്തിയ അറ്റകുറ്റപണിയിൽ വശ്വാസമില്ല, പൂർണമായും നിലവിലുള്ള ടാർ നീക്കംചെയ്ത് മികച്ച നിലവാരത്തിൽ നിർമാണം പൂർത്തിയാക്കണം എന്നാണ് നഗരസഭാ ചെയർമാൻ പരതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ട് തവണ നടത്താൻ നിശ്ചയിച്ചിട്ടും മഴ കാരണം മാറ്റി വെക്കേണ്ടി വന്ന അറ്റകുറ്റപ്പണിയാണ് കഴിഞ്ഞ ദിവസം കാവാവസ്ഥ അനുകൂലമായപ്പോൾ പൂർത്തിയാക്കിയത്. കൂടുതൽ ഉറപ്പുള്ള സ്റ്റോൺ മാസ്റ്റിക് അസാൾട്ട് ടാറിങ്ങിലൂടെയാണ് നവീകരണം പൂർത്തിയാക്കിയിരിക്കുന്നത് എന്നാണ് അധികൃതർ നൽകിയിരിക്കുന്ന വിശദീകരണം.

കുണ്ടന്നൂർ-തേവര പാലം രണ്ടു ദിവസം ആണ് പണിക്കായി അടച്ചിട്ടത്. ആദ്യ ദിവസം റോഡിൽ കാര്യമായ പണികൾ ഒന്നും നടന്നിട്ടില്ലെന്ന് തരത്തിൽ പരാതികൾ ഉയർന്നിരുന്നു. നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു എന്നാൽ രണ്ടാമത്തെ ദിവസം പണികൾ പൂർത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *