തിരുവനന്തപുരം: കർഷകരെ പാടെ മറന്നുകൊണ്ടുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്ന് കൃഷിമന്ത്രി പി പ്രസാദിൻ്റെ വിമർശനം. കാർഷിക മേഖലയ്ക്കായി ബജറ്റിൽ വക കൊള്ളിച്ചിരിക്കുന്ന തുക 1,22,528.77 കോടി രൂപ മാത്രമാണ്. 2020 – 21 ബജറ്റിൽ 1,34,399.77 കോടി രൂപ കാർഷിക മേഖലയിൽ നീക്കിവെച്ചിരുന്നത്, 2022-23 ൽ 1,24,000 കോടി രൂപയായി കുറയുകയും ഈ ബജറ്റിൽ 1,22,528.77 കോടി രൂപയായി കുറയുകയാണ് ചെയ്തതെന്നും കാർഷിക മേഖലയോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മന്ത്രി പറഞ്ഞു
2016 – 17 ൽ ഇന്ത്യയിലെ കാർഷിക മേഖലയിലെ വളർച്ച 6.8 ശതമാനമായിരുന്നത് 2023 – 24ൽ 1.4 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ഇത് പരിഹരിക്കാനുള്ള യാതൊരു വിധ നിക്ഷേപ പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. ഉത്പാദനക്ഷമതയും സ്ഥായിയായതുമായ കൃഷിയെക്കുറിച്ച് വാചാലരാകുന്ന കേന്ദ്രസർക്കാർ ഇതിനായി തുകയൊന്നും വക കൊള്ളിച്ചിട്ടില്ലെന്നതാണ് വാസ്തവം. നിലവിലുണ്ടായിരുന്ന പല ഘടകങ്ങൾക്കും ബജറ്റ് വിഹിതത്തിൽ ഗണ്യമായ കുറവ് വരുത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക ഗവേഷണം, സഹകരണ മേഖലയുടെ ശാക്തീകരണം, എണ്ണക്കുരുകൾക്ക് പ്രാധാന്യം, കർഷക കൂട്ടായ്മകളിലൂടെ പച്ചക്കറിയുടെ സപ്ലെ ചെയിനിന്റെ വികസനം, കാലാവസ്ഥാ അനുപൂരകമായ വിത്തിനങ്ങൾ, നാച്വറൽ ഫാമിങ്, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യം തുടങ്ങിയ പ്രഖ്യാപനങ്ങൾ വികസിത ഭാരതത്തിനായി കേന്ദ്ര ധനകാര്യ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നിനും ആവശ്യം വേണ്ട തുക നീക്കിവെക്കാൻ തയ്യാറായിട്ടില്ല. ഫോസ്ഫറസ്, പൊട്ടാഷ് മുതലായ രാസവളങ്ങളുടെ സബ്സിഡിയിൽ വരുത്തിയിരിക്കുന്ന 24,894 കോടി രൂപയുടെ കുറവ്, രാസവളങ്ങളുടെ വില കുതിച്ചുയരുവാൻ കാരണമാകും എന്നതിൽ സംശയമില്ല. കർഷകർക്ക് ഏറ്റവും പ്രയോജനപ്പെടുന്ന ഒരു പദ്ധതിയാണ് ഇന്ററെസ്റ് സബ്വൊൻഷൻ സ്കീം. കാർഷിക വായ്പ എടുക്കുന്നവർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കുവാൻ ഈ പദ്ധതി സഹായകരമായിരുന്നു.
ആവശ്യമായ പലിശ ഇളവ് ഈ പദ്ധതിയിൽ നിന്നായിരുന്നു വക കൊള്ളിച്ചിരുന്നത്. ഈ തുകയാണ് വെട്ടിക്കുറച്ച് 23,000 കോടിയിൽനിന്ന് 22,600 കോടിയാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.