ഷിരൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിന് ലോങ് ബൂം എസ്കവേറ്റും. സോണാർ പരിശോധനയിൽ ഗംഗാവലി പുഴയുടെ അടിത്തട്ടിൽ വലിയ വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് വിശദമായ പരിശോധനയ്ക്ക് ലോങ് ബൂം എസ്കവേറ്റർ എത്തിച്ചിരിക്കുന്നത്. കരയിൽനിന്ന് 20 അടി ദൂരത്തിലേക്ക് കൈ നീട്ടി 60 അടി ആഴത്തിലേക്കു മണ്ണുമാന്താൻ കഴിയുമെന്നതാണ് ലോങ് ബൂം എസ്കവേറ്ററിൻ്റെ പ്രത്യേകത. പോലീസ് അകമ്പടിയോടെ ലോങ് ബൂം എസ്കവേറ്റർ ദുരന്തഭൂമിയായ അങ്കോലയിൽ എത്തിച്ചു.
അങ്കോല ഉൾപ്പെടുന്ന കാർവറിലെ എംഎൽഎയായ സതീഷ് കൃഷ്ണ സെയിലിന്റെ ആവശ്യപ്രകാരമാണ് ലോങ് ബൂം എസ്കവേറ്റർ എത്തിച്ചിരിക്കുന്നത്. ഗോവ, മംഗലാപുരം എന്നിവിടങ്ങളിൽനിന്ന് കൂടുതൽ ലോങ് ബൂം എസ്കവേറ്റർ എത്തിക്കാനും ആലോചനയുണ്ട്. കരയിൽനിന്ന് 20 അടി ദൂരത്തിലേക്കും 60 അടി ആഴത്തിലേക്കും എസ്കവേറ്ററിൻ്റെ കൈയെത്തും. ഇതോടെ മണ്ണിടിച്ചിലിൽ പുഴയുടെ മധ്യഭാഗത്ത് രൂപപ്പെട്ടിരിക്കുന്ന മൺകൂന നീക്കം ചെയ്ത് അർജുൻ ഉള്ള ലോറി അവിടെയുണ്ടോയെന്ന് പരിശോധിക്കാനാകും.
ലോങ് ബൂം എസ്കവേറ്ററിന് വേണ്ടിയാണ് കാത്തിരുന്നതെന്ന് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് പറഞ്ഞു. അരമണിക്കൂറിനുള്ളിൽ തിരച്ചിൽ പുനരാരംഭിക്കാൻ കഴിയും. അർജുനെ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.