Headlines

അർജുന്‍റെ കുടുംബത്തിന്‍റെ വാക്കുകൾ എഡിറ്റ് ചെയ്ത് പ്രചാരണം; സൈബർ പോലീസിന് പരാതി

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിലകപ്പെട്ട അർജുന് വേണ്ടിയുള്ള രക്ഷാദൗത്യം പത്താം ദിവസത്തിലെത്തി നിൽക്കെ കുടുംബത്തിനെതിരെ സൈബറാക്രമണം. സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചാരണം നടക്കുന്നെന്ന് കാട്ടി കുടുംബം സൈബർ പോലീസിന് പരാതി നൽകി. അർജുന്‍റെ കുടുംബം നടത്തിയ വാർത്താ സമ്മേളനത്തിലെ വാക്കുകൾ എഡിറ്റ് ചെയ്താണ് പ്രചാരണം നടക്കുന്നത്. കോഴിക്കോട് സൈബർ സെല്ലിലാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെയും ചില യൂട്യൂബ് ചാനലുകളും അധിക്ഷേപകരമായ വാർത്തകൾ നൽകിയെന്നും കുടുംബം നൽകിയ പരാതിയിലുണ്ട്. സൈന്യം രക്ഷാപ്രവർത്തനം ആരംഭിച്ച ദിവസം കോഴിക്കോട് കുടുംബം നടത്തിയ വാർത്താ സമ്മേളനത്തെ അടിസ്ഥാനമാക്കിയാണ് പ്രചാരണം നടക്കുന്നത്. അന്നത്തെ സാഹചര്യത്തിൽ തിരച്ചിൽ സംബന്ധിച്ച് കുടുംബം ആശങ്കകളും വിഷമങ്ങളും പങ്കുവെച്ചിരുന്നു. പരാമർശങ്ങളെച്ചൊല്ലിയാണ് സൈബറാക്രമണം.

അർജുന്‍റെ അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുന്നു എന്നാണ് കുടുംബത്തിന്‍റെ പരാതി. അർജുന്‍റെ അമ്മയുടെ അച്ഛൻ പട്ടാളക്കാരനാണ്. അർജുന്‍റെ ലോറി നദിയിൽ കണ്ടെത്തിയെന്ന വാർത്തകൾക്ക് പിന്നാലെ കുടുംബത്തിനെതിരെ സൈബർ ആക്രമണം രൂക്ഷമാണെന്ന് മനോരമ ഓൺലൈനും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *