2024 ഒളിമ്പിക്സിന് ഫ്രാൻസിലെ പാരീസിൽ വർണാഭമായ തുടക്കം. മുൻപെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള മനോഹരമായ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങാണ് പാരീസിൽ കായിക ലോകം കണ്ടത്. പരമ്പരാഗത മാർച്ച് പാസ്റ്റ് രീതിയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ബോട്ടുകളിൽ സെൻനദിയിലൂടെയാണ് കായിക താരങ്ങൾ ഒളിമ്പിക്സിന് എത്തിയത്.
രസം കൊല്ലിയായെത്തിയ മഴയെ വകവെക്കാതെ ലക്ഷക്കണക്കിന് ആളുകൾ ഉദ്ഘാടന ചടങ്ങുകൾ വീക്ഷിക്കാൻ സെൻ നദിക്കരയിൽ എത്തിയിരുന്നു.
പിവി സിന്ധുവും ശരത് കമലുമാണ് ഇന്ത്യൻ ടീമിനെ നയിച്ചത്. 78 അംഗ സംഘവുമായാണ് ഇന്ത്യ ഇത്തവണ ഒളിമ്പിക്സിന് എത്തുന്നത്. കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളിലും മെഡൽ നേടിയ ബാഡ്മിന്റൺ ഇതിഹാസം പിവി സിന്ധു ഹാട്രിക് ഒളിമ്പിക്സ് മെഡലാണ് ഇക്കുറി ലക്ഷ്യം വെക്കുന്നത്. ഒളിമ്പിക്സിന്റെ ആദ്യ ദിനം ഇന്ത്യൻ താരങ്ങളുടെ മത്സരങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.