കൊച്ചി: സംസ്ഥാനത്ത് പാത ഇരട്ടിപ്പിക്കലിന് പ്രധാന്യം നൽകി കേന്ദ്രം. ഇത്തവണത്തെ യൂണിയൻ ബജറ്റിൽ 1085 കോടി രൂപയാണ് പാത ഇരട്ടിപ്പിക്കലിന് അനുവദിച്ചത്. എറണാകുളം – ഷൊർണൂർ മൂന്നാം പാത ഉൾപ്പെടെയാണ് സംസ്ഥാനത്ത് പുതിയ ട്രാക്കുകൾ വരുന്നത്. കേരളത്തിൽ പുതിയ പാത വരാതെ ട്രെയിനുകളുടെ വേഗത കൂട്ടാൻ കഴിയില്ലെന്ന് നേരത്തെ തന്നെ അധികൃതർ വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് പാത ഇരട്ടിപ്പിക്കലിന് ഒരുങ്ങുന്നത്.
ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ കേരളത്തിലെ റെയിൽവേ വികസനത്തിന് 3011 കോടി രൂപയായിരുന്നു അനുവദിച്ചത്. ഇതിൽ 1085 കോടിയും പാത ഇരട്ടിപ്പിക്കലിന് മാത്രമാണ്. സംസ്ഥാനത്ത് ട്രെയിനുകളുടെ വേഗത ഏറ്റവും കുറവുള്ള റീച്ചായ ഷൊര്‍ണൂര്‍ – എറണാകുളം ഭാഗത്ത് മൂന്നാം പാത നിർമിക്കാൻ അഞ്ച് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
പുതിയ പാതകൾ വരുന്നതോടെ ട്രെയിനുകളുടെ വേഗത കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുറവൂര്‍ മുതൽ അമ്പലപ്പുഴ വരെയുള്ള റീച്ചിലാണ് പാത ഇരട്ടിപ്പിക്കലിന് കൂടുതൽ തുക വകയിരുത്തിയിരിക്കുന്നത്. 500 കോടി രൂപയാണ് ഈ പദ്ധതിയ്ക്ക്. രണ്ടാമത് തിരുവനന്തപുരം കന്യാകുമാരി റീച്ചിലെ പാത ഇരട്ടിപ്പിക്കൽ ജോലികൾക്കാണ്. 365 കോടി രൂപയാണ് ഇവിടെ.