ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിനെത്തുടർന്നു കാണാതായ ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ അനിശ്ചിതത്വത്തിൽ. ഗംഗാവലിപ്പുഴയുടെ അടിത്തട്ടിലിറങ്ങി പരിശോധന നടത്താനുള്ള ദൗത്യസംഘത്തിന്‍റെ ശ്രമങ്ങൾ ഇന്നലെയും വിജയിച്ചില്ല. പുഴയിൽ ശക്തമായ അടിയൊഴുക്കാണ് അനുഭവപ്പെടുന്നത്. നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് നദിയിൽ ഇറങ്ങാനുള്ള അനുകൂല സാഹചര്യം ലഭിക്കാത്തതാണ് തിരച്ചിൽ നീണ്ടുപോകാൻ ഇടയാക്കുന്നത്.
വെള്ളിയാഴ്ച നദിയിലെ അടിയൊഴുക്ക് 5.5 നോട്സ് ആയിരുന്നു. 2 മുതൽ 3 നോട്സ് വരെ ഒഴുക്കിൽ പുഴയിലിറങ്ങി പരിശോധിക്കാനേ കഴിയൂവെന്നാണ് നേവിസംഘം വ്യക്തമാക്കുന്നത്. 3.5 നോട്സ് ആണെങ്കിലും പരിശോധനയ്ക്കു തയാറായേക്കും. പക്ഷേ അടിയൊഴുക്ക് ശക്തമായി തന്നെ തുടരുകയാണ്. വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഗംഗാവലിയിലെ നീരൊഴുക്ക് കുറഞ്ഞിട്ടില്ല.
നദിയിൽ അടിയൊഴുക്കും ശക്തമായി തുടരുകയാണ്. ബോട്ടുകൾ നിലയുറപ്പിക്കാൻ പോലും കഴിയാത്തത് ഡൈവേഴ്സിന്‍റെ ജീവന് ഭീഷണിയാകും. ഫ്ലോട്ടിങ് പ്രതലം ഉൾപ്പെടെ തയ്യാറാക്കാൻ ആലോചന ഉണ്ടെങ്കിലും പുഴയിലെ സാഹചര്യം അതിനും അനുകൂലമല്ല. ഡ്രെഡ്ജിങ് യന്ത്രം ഗോവയിൽ നിന്ന് കടൽ മാർഗം കൊണ്ടുവരാൻ ആലോചിച്ചിരുന്നെങ്കിലും കാലാവസ്ഥ അതിനും തടസ്സമാണ്.
ലോറി ഉണ്ട് എന്ന് കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചകും ഇനി ഡൈവിങ് ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുക. നദിയുടെ നടുവിലുള്ള മൺകൂനയോട് ചേർന്ന് ലോറി ഉണ്ടെന്നാണ് കണ്ടെത്തൽ. അർജുന്‍റെ ലോറിയുടെ സ്ഥാനം ഏറെക്കുറെ കൃത്യമായി തിരിച്ചറിഞ്ഞതായി ഉത്തര കന്നഡ കലക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു. മരത്തടികൾ വേർപെട്ടതോടെ ലോറി ഒഴുക്കിൽ സ്ഥാനം മാറിക്കൊണ്ടിരിക്കുകയാണോ എന്ന സംശയവുമുണ്ട്.