കൊച്ചി: പ്രകൃതി സംരക്ഷണം അഥവാ നേച്ചർ കൺസർവേഷൻ എന്നത് ഇന്നത്തെക്കാലത്ത് വലിയൊരു ചർച്ചാ വിഷയമാണ്. പ്രകൃതിയുമായി കൊണ്ടും കൊടുത്തുമാണ് മനുഷ്യൻ അതിജീവിക്കുന്നത്. പ്രകൃതി സംരക്ഷണമെന്നാൽ മനുഷ്യനെ സംബന്ധിച്ചിടത്തോളം സന്തുലനം നിലനിർത്തുക എന്നതു കൂടിയാണ്. മനുഷ്യനും സസ്യജാലങ്ങളും മൃഗങ്ങളുമെല്ലാം ശരിയായ അനുപാതത്തില്‍ പുലരുക എന്നതാണ് ശരിയായ വഴി. മനുഷ്യ-വന്യമൃഗ സംഘർഷം കേരളത്തിലടക്കം വലിയ ചർച്ചയാണ്. വനാതിർത്തികളിൽ താമസിക്കുന്നവര്‍ മൃഗങ്ങളുമായി ഏറ്റുമുട്ടി അതിജീവനം നടത്തുന്ന ദുരിത കഥകൾ ഏറെ കേൾക്കുന്നതിനിടയിലാണ് ഇത്തവണത്തെ ലോക പ്രകൃതി സംരക്ഷണദിനം കടന്നു വരുന്നത്. എല്ലാ വർഷവും ജൂലൈ 28ന് പ്രകൃതി സംരക്ഷണ ദിനം ആഘോഷിച്ചു വരുന്നു.
1972ൽ സ്റ്റോക്ഹോമിൽ വെച്ച് ഐക്യരാഷ്ട്രസഭ നടത്തിയ കോൺഫറൻസ് ഓൺ ഹ്യൂമൻ എൻവിയോൺമെന്റിൽ വെച്ചാണ് പ്രകൃതി സംരക്ഷണ ദിനം ആചരിക്കാൻ തീരുമാനമെടുത്തത്. ഈ കാലഘട്ടത്തിൽ നടത്തിയ വലിയ ശ്രമങ്ങളുടെ ഫലമായി കാട്ടിൽ കയറിയുള്ള മനുഷ്യരുടെ ആക്രമണങ്ങളെ വലിയൊരളവ് ചെറുക്കാനായി. ഇന്ന് നമ്മുടെ കാടുകളിൽ ആനക്കൊമ്പ് തേടി നടക്കുന്ന വീരപ്പന്മാരില്ല. മാത്രവുമല്ല കാടുകളിൽ വന്യമൃഗങ്ങളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇങ്ങനെ പെരുകുന്ന വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങി വലിയ നാശനഷ്ടങ്ങൾ വരുത്തുന്നതും ജീവാപായം ഉണ്ടാക്കുന്നതും നാം കാണുന്നു.
ഇന്ത്യയിൽ വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനായി നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. അവയിലൊന്നാണ് പ്രോജക്ട് ടൈഗർ. 1973ൽ തുടങ്ങിയ ഈ പദ്ധതി ഇന്ത്യക്ക് ലോകത്തിനു മുന്നിൽ വലിയ സൽപ്പേര് നേടിത്തന്നു. അക്കാലത്ത് വംശനാശ ഭീഷണി നേരിടുകയായിരുന്ന കടുവകളെ സംരക്ഷിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇന്ന് ലോകത്തിലെ കടുവകളിൽ 70 ശതമാനവും ഉള്ളത് ഇന്ത്യയിലെ കാടുകളിലാണ്.
രണ്ടാമത്തെ പദ്ധതി പ്രോജക്ട് എലിഫന്റ് ആണ്. ഇന്ത്യയുടെ കാടുകൾ ആനവേട്ടക്കാരുടെ കേന്ദ്രങ്ങളായിരുന്നു. 1992ൽ തുടങ്ങിയ പ്രോജക്ട് എലിഫന്റ് വൻ വിജയമായി. ഇന്ന് ലോകത്തിലെ ഏഷ്യൻ ആനകളിൽ 60 ശതമാനത്തിലധികവും ഇന്ത്യൻ കാടുകളിലാണ് ഉള്ളത്. ഈ ആനകൾ കാട്ടിൽ വേണ്ടത്ര സ്ഥലസൗകര്യമില്ലാത്തതിനാൽ നാട്ടിലേക്ക് ഇറങ്ങുന്നത് മിക്ക സംസ്ഥാനങ്ങളിലും പ്രശ്നമുണ്ടാക്കുന്നുണ്ട്. ഈ പ്രശ്നത്തിനുള്ള പരിഹാരം കൂടി തേടേണ്ട ദിനമാണ് ലോക പ്രകൃതി സംരക്ഷണ ദിനം.