ന്യൂഡൽഹി: ഡൽഹിയിലെ ഐഎഎസ് പരിശീലന കേന്ദ്രത്തിൻ്റെ ബേസ്മെൻ്റിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് മരിച്ചത്. കനത്ത മഴയെത്തുടർന്ന് ഏഴടിയോളം ഉയരത്തിലാണ് ബേസ്മെൻ്റിൽ വെള്ളം ഉയർന്നത്. പടിഞ്ഞാറൻ ഡൽഹിയിലെ രാജേന്ദ്ര നഗറിൽ പ്രവർത്തിക്കുന്ന ‘റാവു’ എന്ന ഐഎഎസ് പരിശീലന കേന്ദ്രത്തിൽ ശനിയാഴ്ച വൈകിട്ടാണ് ദാരുണമായ സംഭവം. അപകടസമയത്ത് മുപ്പതോളം വിദ്യാർഥികൾ കെട്ടിടത്തിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.
മൂന്ന് വിദ്യാർഥികളുടെ ദാരുണമായ മരണത്തിന് കാരണമായ അപകടത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണത്തിനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. കനത്ത മഴയിൽ ബേസ്മെൻ്റ് പൂർണമായും വെള്ളത്തിനടിയി. വിദ്യാർഥികൾ ബേസ്‌മെൻ്റിലെ വെള്ളത്തിൽ കുടുങ്ങിക്കിടക്കുന്നതായുള്ള വിവരം ശനിയാഴ്ച രാത്രി 7.19നാണ് ലഭിക്കുന്നതെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് അഞ്ച് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി
രക്ഷാപ്രവർത്തനം ആരംഭിച്ച് മണിക്കൂറുകൾക്കകം വിദ്യാർഥിനികളുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. വിദ്യാർഥിയായ ആൺകുട്ടിയുടെ മൃതദേഹം രാത്രി വൈകിയാണ് കണ്ടെടുത്തത്. മൂന്നുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. മൂന്ന് വിദ്യാർഥികൾ മാത്രമാണ് ബേസ്മെൻ്റിലെ വെള്ളക്കെട്ടിൽ കുടുങ്ങിയതെന്നും 30 പേർ രക്ഷപ്പെട്ടതായും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.