അങ്ങനെ ഗൗതം ഗംഭീർ (Gautam Gambhir) ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ശ്രീലങ്കക്കെതിരായ ആദ്യ ടി20 യിൽ ഇന്ത്യ 43 റൺസിന് ജയിച്ചതോടെ ഗംഭീറിന്റെ കോച്ചായുള്ള അരങ്ങേറ്റം അവിസ്മരണീയമാവുകയും ചെയ്തു. പല്ലക്കെലെയിൽ നടന്ന കളിയിൽ ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 213/7 എന്ന പടുകൂറ്റൻ സ്കോർ നേടിയപ്പോൾ, ശ്രീലങ്ക 19.2 ഓവറുകളിൽ 170 റൺസിന് ഓളൗട്ടാവുകയായിരുന്നു. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച ഇതേ വേദിയിൽ വെച്ച് നടക്കും.
അതേ സമയം ഗൗതം ഗംഭീർ ഇന്ത്യയുടെ കോച്ചായി എത്തിയതോടെ കോളടിച്ചത് അസം താരമായ റിയാൻ പരാഗിനാണ്. കഴിഞ്ഞ സിംബാബ്‌വെ പര്യടനത്തിൽ ഫ്ലോപായിരുന്നിട്ടും പരാഗിനെ ശ്രീലങ്കക്കെതിരായ ടി20, ഏകദിന സ്ക്വാഡുകളിൽ ഉൾപ്പെടുത്തിയ ഗംഭീർ, ആദ്യ ടി20 യിൽ പ്ലേയിങ് ഇലവനിലും അവസരം നൽകി. സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെപ്പോലും പുറത്ത് നിർത്തി യായിരുന്നു ഇത്. ഗംഭീറിന്റെ ഇന്ത്യൻ ടീമിൽ പരാഗ് അവിഭാജ്യ ഘടകമാകുമെന്നാണ് കരുതപ്പെടുന്നത്. ഇങ്ങനെ പറയുന്നതിന് വ്യക്തമായ കാരണങ്ങളുമുണ്ട്.
സിംബാബ്‌വെ പര്യടനത്തിൽ നിരാശപ്പെടുത്തിയിട്ടും റിയാൻ പരാഗിനെ ശ്രീലങ്കക്കെതിരായ ടി20, ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത് ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. എന്നാൽ ബോൾ ചെയ്യാൻ അറിയാവുന്ന ബാറ്റർ എന്നതാണ് പരാഗിന് രണ്ട് ടീമുകളിലേക്കും വഴി തുറന്നത് എന്ന് പിന്നാലെ റിപ്പോർട്ടുകൾ വന്നു. അഭ്യന്തര ക്രിക്കറ്റിൽ മികച്ച ബോളിങ് റെക്കോഡുള്ള, കിടിലൻ ബാറ്ററായ പരാഗിന് അതുകൊണ്ടു തന്നെ ഗംഭീറിന്റെ ടീം പദ്ധതികളിൽ ലോങ് റൺ കിട്ടും.
കഴിഞ്ഞ കുറച്ച് കാലങ്ങളായി മികച്ച പാർട് ടൈം ബോളർമാരുടെ അഭാവം ഇന്ത്യൻ ടീമിനുണ്ട്. പരാഗ് അതിൽ മാറ്റം കൊണ്ടു വരുമെന്ന് ഗംഭീറും ടീം മാനേജ്മെന്റും പ്രതീക്ഷിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഇനി ഇന്ത്യയുടെ ടീം പദ്ധതികളിൽ ഈ അസം താരത്തിന് സുപ്രധാന സ്ഥാനം ലഭിക്കും.