ന്യൂറംബർഗ്: ജനിച്ചു വളർന്നത് മൃഗശാലയിലാണ്. എന്നാൽ സാധാരണ മൃഗശാലകളിൽ ജനിച്ചു വളരുന്ന മൃഗങ്ങളുടെ സ്വഭാവമല്ല ചാപോ എന്ന കാട്ടുപൂച്ചയുടേത്. ഇക്കാര്യം മൃഗശാല അധികൃതർ തിരിച്ചറിയുന്നത് അടുത്തിടെയാണ്. അടഞ്ഞു കിടക്കുന്ന വേലിക്കുള്ളിൽ അവന് നിൽക്കപ്പൊറുതിയില്ല. എപ്പോഴും വേലിയിലും കൂടിന്റെ കമ്പിയിലുമെല്ലാം മാന്തിക്കൊണ്ടിരിക്കും. അവന്റെയുള്ളിലെ കാടിനെ ഉറക്കാൻ ആരാലും സാധിച്ചില്ല.
ജർമനിയിലെ ന്യുറംബർഗ് മൃഗശാലയിലാണ് ചാപോ വളർന്നത്. ഒരുതരത്തിലും മൃഗശാലയിലെ രീതികളോട് അവൻ പൊരുത്തപ്പെട്ടില്ല. സ്വാതന്ത്ര്യ ദാഹം പലവിധത്തിൽ അവൻ പ്രകടിപ്പിച്ചു കൊണ്ടിരുന്നു. ഇണങ്ങുകയോ മെരുങ്ങുകയോ ചെയ്തില്ല. പകരം കൂട്ടിൽ നിന്നും വേലിക്കെട്ടിൽ നിന്നുമെല്ലാം രക്ഷപ്പെടാൻ അവൻ പലവട്ടം ശ്രമിച്ചു. കാടിനു വേണ്ടി ജനിച്ചവരാണ് ചാപോയെന്ന് എല്ലാവർക്കും മനസ്സിലായി.
കാർപാതിയൻ ലിങ്സ് എന്നറിയപ്പെടുന്ന കാട്ടു മാർജ്ജാര വിഭാഗത്തിൽ പെടുന്ന പൂച്ചയാണിത്. ഈ പൂച്ചയുടെ ജീനുകൾ കാപ്റ്റീീവ് ബ്രീഡിങ്ങിന് ഉപയോഗിക്കാൻ മൃഗശാലക്കാർക്ക് പദ്ധതി ഉണ്ടായിരുന്നു. എന്നാൽ ഈ പദ്ധതി നടപ്പാക്കേണ്ടെന്ന് മൃഗശാല അധികാരികൾ തീരുമാനിച്ചു. നേരത്തേ തന്നെ കാട്ടുപൂച്ചയെ സ്വതന്ത്രനാക്കാമെന്ന് തീരുമാനമെടുത്തു.