പാരീസ് ഒളിമ്പിക്സിൽ ഇന്ത്യ മെഡൽ പോരാട്ടങ്ങൾക്ക് മികച്ച തുടക്കം കുറിച്ചു. ഉദ്ഘാടനത്തിന്റെ പിറ്റേദിനം തന്നെ അക്കൗണ്ടിൽ ആദ്യ മെഡൽ എത്തിച്ച ഇന്ത്യൻ താരങ്ങൾ മൂന്നാം ദിനമായ തിങ്കളാഴ്ച് ( 29 – 07 – 2024 ) കൂടുതൽ മെഡൽ എത്തിക്കാനുള്ള പോരാട്ടങ്ങൾക്കായി കളത്തിലുണ്ട്. വനിതാ 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിംഗിൽ മനു ഭാകറായിരുന്നു ഇന്ത്യൻ അക്കൗണ്ടിൽ ആദ്യ മെഡൽ എത്തിച്ചത്. പാരീസിലേക്ക് പുറപ്പെടും മുമ്പുതന്നെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളിൽ ഒന്നായിരുന്നു മനു ഭാകർ.
മനു ഭാകർ വെങ്കലം നേടിയ ദിനത്തിൽ ഇന്ത്യയുടെ മലയാളി ബാഡ്മിന്റൺ താരം എച്ച് എസ് പ്രണോയ് പുരുഷ സിംഗിൾസ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ജയം സ്വന്തമാക്കി. ജർമനിയുടെ ഫാബിയൻ റൂത്തിനെ നേരിട്ടുള്ള ഗെയിമിന് പ്രണോയ് തോൽപ്പിച്ചു. സ്കോർ : 21 – 18, 21 – 12
ടേബിൾ ടെന്നീസിൽ പുരുഷ വിഭാഗത്തിൽ ശരത് കമൽ ആദ്യ റൗണ്ടിൽ പരാജയപ്പെട്ടെങ്കിലും വനിതാ സിംഗിൾസിൽ മണിക ബത്ര, ശ്രീജ അകുല എന്നിവർ ജയം സ്വന്തമാക്കി. സ്വീഡന്റെ ക്രിസ്റ്റീന കാൾബർഗിനെയാണ് ശ്രീജ 4 – 0 നു തോൽപ്പിച്ചത്. സ്കോർ : 11 – 4, 11 – 9, 11 – 7, 11 – 8, 4 – 0. മണിക ബത്ര 11 – 8, 12 – 10, 11 – 9, 9 – 11, 11 – 5, 4 – 1 ന് ബ്രിട്ടന്റെ അന്ന ഹർസ്ലിയെ രണ്ടാം റൗണ്ടിൽ തോൽപ്പിച്ചു.