Headlines

ക്വാലലംപുരിലേക്ക് കോഴിക്കോട്ട് നിന്ന് പറക്കാം; ഓഗസ്റ്റ് 1 മുതൽ വിമാന സർവീസുകൾ

കോഴിക്കോട്: കോഴിക്കോട് നിന്ന് ക്വാലലംപുരിലേക്ക് വിമാന സർവീസ് ഓഗസ്റ്റ് ഒന്നു മുതൽ തുടങ്ങും. ആഴ്ചയിൽ 3 സർവീസുകൾ ആണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. എയർ ഏഷ്യയുടെ വിമാനം ആണ് സർവീസ് നടത്തുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ക്വാലലംപുരിൽ നിന്ന് കോഴിക്കോട്ടേക്ക് വിമാനം സർവീസ് നടത്തും. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ കോഴിക്കോട്ടുനിന്നു ക്വാലലംപുരിലേക്കും പോകുന്ന രീതിയിൽ ആണ് എയർ ഏഷ്യ സർവീസ് ആരംഭിച്ചിരിക്കുന്നത്.

ക്വാലലംപുരിലേക്ക് കോഴിക്കോട് നിന്നും നേരിട്ട് സർവീസ് എത്തുന്നത് യാത്രക്കാർക്ക് വലിയ ആശ്വാസം ആണ്. പലരും കണക്ഷൻ വിമാനങ്ങളെ ആശ്രയിച്ചാണ് കോഴിക്കോട് നിന്നും പോയിരുന്നത്. രാത്രിയിലാണ് സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത് . പ്രാദേശിക സമയം രാത്രി 9.55ന് ക്വാലലംപുരിൽ നിന്ന് വിമാനം പുറപ്പെട്ട് 11.25ന് കോഴിക്കോട്ടെത്തുന്ന രീതിയിൽ ആണ് സർവീസ്. തിരിച്ച് പിറ്റേന്ന് പുലർച്ചെ 12.10നു കോഴിക്കോട്ട് നിന്നും വിമാനം പുറപ്പെടുന്ന രീതിയിൽ ആണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

എയർ ഏഷ്യയ്ക്ക് വിവിധ രാജ്യങ്ങളിലേക്ക് കണക്ഷൻ സർവീസുകൾ ഉണ്ട്. അതിനാൽ ഇനി കോഴിക്കോട് നിന്ന് പുതിയ രാജ്യങ്ങളിലേക്ക് പോകാൻ സാധിക്കും. ക്വാലലംപുരിൽ നിന്ന് വിവിധ വിദേശ നാടുകളിലേക്ക് പോകാൻ സാധിക്കുന്ന രീതിയിൽ കണക്ഷൻ വിമാനങ്ങൾ ഇനി എടുക്കാൻ സാധിക്കും. സഞ്ചാരികൾക്കും, വിദ്യാർഥികൾക്കും എല്ലാം ഉപകാരമാകുന്ന ഒരു സർവീസ് ആണ് കോഴിക്കോട് നിന്നും ആരംഭിച്ചിരിക്കുന്നത്. കൊറിയ, റഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, ഹോങ്കോങ്, കംബോഡിയ, വിയറ്റ്നാം, ചൈന, ജപ്പാൻ, ഫിലിപ്പീൻസ്, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകണം എങ്കിൽ ക്വാലലംപുരിലേക്ക് പോയാൽ മതിയാകും. അവിടെ നിന്നും കണക്ഷൻ വിമാനങ്ങൾ എടുത്ത് മറ്റു രാജ്യങ്ങളിലേക്ക് പോകാം.

കോഴിക്കോട് – ക്വാലലംപുർ നേരിട്ടുള്ള യാത്രയ്ക്ക് മികച്ച പ്രതികരണങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നതെന്ന് ട്രാവൽ ഏജൻസി രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. മൂന്ന് മാസം മുമ്പ് തന്നെ ടികറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു. 10,000 രൂപയിൽ താഴെയാണ് നിരക്ക് വരുന്നത്. കോഴിക്കോട് –ലക്ഷദ്വീപ് സർവീസ് അടുത്തിടെ ആരംഭിച്ചിരുന്നു. അതിനും മികച്ച പ്രതകരണം ആണ് യാത്രക്കാരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. കൊച്ചിയിൽ നിന്ന് മാത്രമാണ് സർവീസ് ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് എയർ ഏഷ്യയുടെ ക്വലാലംപുരിലേക്കുള്ള നേരിട്ടുള്ള സർവീസ്. ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *