Headlines

പരീക്ഷത്തലേന്ന് ചോദ്യങ്ങൾ ചോർന്നു; വീഡിയോ സ്വകാര്യ ട്യൂഷൻ പ്ലാറ്റഫോമിന്റെ യൂട്യൂബ് ചാനലിൽ

കണ്ണൂർ/ കോഴിക്കോട്/ കോട്ടയം: ക്രിസ്മസ് അർധവാർഷിക പരീക്ഷയുടെ ചോദ്യങ്ങൾ ചോർന്നു. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങൾ ആണ് ചോർന്നത്. പരീക്ഷയുടെ തലേന്ന് സ്വകാര്യ ഓൺലൈൻ ട്യൂഷൻ പ്ലാറ്റഫോമിന്റെ യൂട്യൂബ് ചാനലിലാണ് ചോദ്യങ്ങളുടെ മാതൃക പുറത്തുവന്നത്.

പ്ലസ് വൺ കണക്ക് പരീക്ഷ വ്യാഴാഴ്ചയായിരുന്നു. പരീക്ഷയ്ക്ക് വന്ന 23 മാർക്കിന്റെ ചോദ്യങ്ങളും ബുധനാഴ്ച രാത്രി ഓൺലൈൻ ട്യൂഷൻ പ്ലാറ്റഫോമിന്റെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ ഉണ്ടായിരുന്നു. ചോദ്യങ്ങൾ ചർച്ച ചെയ്യുന്ന വീഡിയോയിൽ ചോദ്യപേപ്പറിൽ നൽകിയിട്ടുള്ള ക്രമം പോലും തെറ്റിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ആ വീഡിയോ ഒരു ലക്ഷത്തിലധികം പേരാണ് കണ്ടതെന്ന് അധ്യാപകർ പറയുന്നു. ഫോണിലൂടെയും സ്കൂളിലെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും കുട്ടികൾ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ അന്വേഷിച്ചതാണ് സംശയത്തിന് ഇടവെച്ചത്.

പത്താം ക്ലാസുകാരുടെ 80 മാർക്കിന്റെ ഇംഗ്ലീഷ് പരീക്ഷയിലെ 70 ശതമാനം ചോദ്യങ്ങളും ഓൺലൈൻ ചാനൽ വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ എന്ന് പ്രവചിച്ചവയാണ്. ചോദ്യപേപ്പർ ചോർച്ചയിൽ കോഴിക്കോട് പൊതു വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ പൊതു വിദ്യാഭ്യാസ വകുപ്പിനും പോലീസിനും പരാതി നൽകിയിട്ടുണ്ട്. ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരിൽ ആർക്കെങ്കിലും പങ്കുണ്ടെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സി മനോജ് കുമാർ ആവശ്യപ്പെട്ടു.

വിദ്യാർഥികൾക്കിടയിൽ മാത്രമല്ല അധ്യാപകർക്കിടയിലും ചോദ്യപേപ്പർ ചർച്ചയായിട്ടുണ്ട്. ഇത്തവണ മാത്രമല്ല കഴിഞ്ഞ വർഷത്തെ ക്രിസ്മസ് പരീക്ഷയ്ക്കും ഈ വർഷത്തെ ഓണപ്പരീക്ഷയ്ക്കും സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നു. പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിന് പകരം ഓണലൈനയിൽ സാധ്യതാ ചോദ്യങ്ങൾ വരാനായി കാത്തിരിക്കുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ചു വരികയാണ്. ഇതിന് മുൻപും സമാനമായ സംഭവങ്ങൾ നടന്നിട്ടും വിദ്യാഭ്യാസ വകുപ്പ് വിഷയത്തിൽ കാര്യമായ അന്വേഷണം നടത്തിയിട്ടില്ല. സംഭവത്തിൽ പോലീസിൽ പരാതി നൽകി നിയനടപടികളിലേക്ക് നീങ്ങാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് സർക്കാർ നേരത്തെ നിർദേശിച്ചിരുന്നെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ല.

അതേസമയം, അധ്യാപകർ ഉൾപ്പെട്ട റാക്കറ്റ് ചോദ്യ പേപ്പറുകൾ ചോർത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ പൊലീസിന് പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ക്രിസ്മസ് പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നാൽ വാർഷിക പരീക്ഷകളുടെ കാര്യത്തിലും ഇത് സംഭവിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കണക്ക് ഉൾപ്പടെയുള്ള വിഷയങ്ങളാണ് ചോർന്നതെന്നും, കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. രഹസ്യ സ്വഭാവം നിലനിർത്തേണ്ട ആവശ്യമുള്ളതിനാൽ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ ആകില്ലെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *