ദമസ്‌കസ്: വിമതസംഘം സിറിയ പിടിച്ചടക്കിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്. സിറിയയില്‍ നടന്നത് തീവ്രവാദ പ്രവര്‍ത്തനമാണെന്ന് അസദ് ആരോപിച്ചു. താന്‍ സിറിയ വിടാന്‍ തീരുമാനിച്ചിരുന്നില്ലെന്നും അസദ് പറഞ്ഞു. പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് എന്ന പേരില്‍ തന്നെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. പ്രസിഡന്റിന്റെ ഔദ്യോഗിക ടെലഗ്രാം ചാനലിലൂടെയാണ് പ്രസ്താവന പങ്കുവെച്ചതും.
രാജ്യത്തെ ജനങ്ങളോടുള്ള ബന്ധത്തിന് യാതൊരു കോട്ടവും സംഭവിക്കില്ല. ആഭ്യന്തര കലഹം രൂക്ഷമായതോടെയാണ് താന്‍ റഷ്യയുടെ വ്യോമത്താവളത്തിലേക്ക് പോയത്. അവിടെ ഡ്രോണ്‍ ആക്രമണം ഉണ്ടായതിനെ തുടര്‍ന്നാണ് റഷ്യയിലേക്ക് കടന്നതെന്നും അസദ് പ്രസ്താവനയില്‍ വ്യക്തമാക്കി.
വ്യോമത്താവളം വിമതര്‍ ആക്രമിച്ചതോടെ അടിയന്തരമായി ബേസ്‌മെന്റ് വിട്ടുപോകണമെന്ന് റഷ്യയുടെ നിര്‍ദേശമുണ്ടായിരുന്നു. സിറിയയില്‍ നിന്നുള്ള യാത്ര ആസൂത്രിതമായിട്ടോ അല്ലെങ്കില്‍ യുദ്ധത്തിന്റെ അവസാന മണിക്കൂറുകളില്‍ സംഭവിച്ചതോ അല്ല. ഭരണകൂടം തീവ്രവാദത്തിന്റെ കൈകളില്‍ അകപ്പെട്ട് കഴിഞ്ഞാല്‍ പദവിയില്‍ തുടരുന്നത് അര്‍ത്ഥ ശൂന്യമാണെന്നും അസദ് കൂട്ടിച്ചേര്‍ത്തു.
തന്റെ ഭരണത്തെ ന്യായീകരിച്ചുകൊണ്ടുള്ളതായിരുന്നു അസദിന്റെ വാക്കുകള്‍. 2024 ഡിസംബര്‍ 8 വരെ താന്‍ തന്റെ ചുമതലകള്‍ നിര്‍വഹിച്ചുവെന്നും സംഘര്‍ഷം ആരംഭിച്ചപ്പോഴും ദമസ്‌കസില്‍ തന്നെ തുടര്‍ന്നുവെന്നും അസദ് പറയുന്നു.
വിമതര്‍ തലസ്ഥാനത്തേക്ക് കടന്നപ്പോള്‍, അവര്‍ക്കെതിരെയുള്ള യുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായാണ് തീരദേശ നഗരമായ തലാകിയയിലെ റഷ്യന്‍ താവളത്തിലേക്ക് മാറിയത്. അവിടെ നിന്നും റഷ്യ തന്നെ ഒഴിപ്പിക്കുകയായിരുന്നു. റഷ്യന്‍ താവളത്തിലേക്ക് താന്‍ മാറിയതിന് പിന്നാലെ വിമതര്‍ അവിടെ ഡ്രോണ്‍ ആക്രമണം നടത്തി. ഇതേതുടര്‍ന്ന് ഡിസംബര്‍ 8ന് വൈകീട്ട് റഷ്യയിലേക്ക് പലായനം ചെയ്യുന്നതിനായി മോസ്‌കോ തന്നോട് അഭ്യര്‍ഥിക്കുകയായിരുന്നു.
അതേസമയം, സിറിയ വീടാനുള്ള തീരുമാനം അസദ് രഹസ്യമാക്കി വെച്ചിരുന്നതായാണ് നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നത്. രാജ്യം വിടുന്നതിന് മുമ്പായി അസദ് സൈനിക മേധാവികളുടെ യോഗം വിളിച്ചുചേര്‍ക്കുകയും വിമതര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കൊണ്ടാണ് അസദിന്റെ പുതിയ പ്രസ്താവന.
അസദിന് രാജ്യം വിടുന്നതിനായി സര്‍ക്കാര്‍ ചെലവഴിച്ചത് ഏകദേശം 250 മില്യണ്‍ ഡോളറാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രണ്ട് വര്‍ഷം കൊണ്ടാണ് ഇത്രയും തുക റഷ്യയിലേക്ക് എത്തിച്ചത്. ഇങ്ങനെ എത്തിച്ച തുക മോസ്‌കോയിലെ റഷ്യന്‍ ബാങ്കുകളില്‍ നിക്ഷേപിച്ചിരുന്നു. രണ്ട് ടണ്ണോളം ഭാരമുള്ള നോട്ടുകളാണ് സിറിയന്‍ സെന്‍ട്രല്‍ ബാങ്ക് മോസ്‌കോയിലെ നുകോവ വിമാനത്താവളത്തിലേക്ക് അയച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
നൂറിന്റെയും ഡോളര്‍ നോട്ടുകളും അഞ്ഞൂറിന്റെ യൂറോ നോട്ടുകളുമായിരുന്നു റഷ്യയിലേക്ക് അയച്ച പെട്ടികളിലുണ്ടായിരുന്നത്. മാത്രമല്ല, വിലക്ക് നേരിടുന്ന റഷ്യന്‍ ബാങ്കിലാണ് ഇവ നിക്ഷേപിച്ചതു. ഈ രണ്ട് വര്‍ഷത്തിനിടയ്ക്ക് അസദിന്റെ ബന്ധുക്കള്‍ റഷ്യയില്‍ വലിയ തോതില്‍ സ്വത്തുക്കള്‍ വാങ്ങിച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
ഈ ഇടപാടുകളെല്ലാം നടന്നത് 2028 മാര്‍ച്ചിനും 2019 സെപ്റ്റംബറിനും ഇടയിലാണ്. അസദ് ഭരണകൂടത്തിനെതിരെ അന്താരാഷ്ട്ര ഉപരോധങ്ങള്‍ നിലനില്‍ക്കുന്നതിനിടെയായിരുന്നു ഈ നീക്കം എന്നതാണ് ശ്രദ്ധേയം.
അതേസമയം, 2020ന് ശേഷം വടക്കുപടിഞ്ഞാറന്‍ സിറിയ കണ്ട ഏറ്റവും വലിയ ഏറ്റുമുട്ടലാണ് രാജ്യത്തുണ്ടായത്. മൂന്ന് പ്രധാന നഗരങ്ങളാണ് ഒരാഴചയുടെ ഇടവേളയില്‍ വിമതര്‍ പിടിച്ചെടുത്തത്. സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ആലപ്പോയാണ് ആദ്യം തന്നെ വിമതര്‍ കൈപ്പിടിയിലൊതുക്കിയത്. അതിന് പിന്നാലെ ഹോസും ഹമ നഗരവും അവര്‍ പിടിച്ചടക്കി. ഇതോടെയാണ് അസദ് രാജ്യം വിടുന്നത്.
വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഏറ്റവും ശക്തമായ ഹയാത്ത് തഹ്രീല്‍ അല്‍ ഷാം എന്ന വിമത ഗ്രൂപ്പാണ് സിറിയ പിടിച്ചടിക്കിയത്. സിറിയ-തുര്‍ക്കി എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിക്കടുത്തുള്ള ഇദ്‌ലിബ് പ്രവിശ്യയുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് ഈ ഗ്രൂപ്പാണ്.