ചെറുപ്പത്തിൽ കാണാതായ കുട്ടി പിന്നീട് വർഷങ്ങൾക്ക് ശേഷം മാതാപിതാക്കളെ കണ്ടെത്തുന്ന വാർത്തകൾ നമ്മൾ പലപ്പോഴായി കേട്ടിട്ടുണ്ട്. അത്തരത്തിൽ മൂന്ന് മാസം പ്രായമുള്ളപ്പോൾ തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടി 26 വർഷങ്ങൾക്ക് ശേഷം മാതാപിതാക്കളെ കണ്ടുമുട്ടിയ സംഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചൈനയിലാണ് സംഭവം. 26 വർഷങ്ങൾക്ക് ശേഷം കോടീശ്വരന്മാരായ മാതാപിതാക്കളെ കണ്ടെത്തിയ യുവാവ് തനിക്കവകാശപ്പെട്ട സ്വത്ത് വേണ്ടെന്ന് വെച്ചതാണ് ഇതിൽ ഏറ്റവും കൗതുകകരമായ കാര്യം.
മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് ഷേ ഷിയാൻഷ്വ എന്ന കുട്ടിയെ ഒരു സംഘം ആളുകൾ ചേർന്ന് തട്ടികൊണ്ട് പോകുന്നത്. ആറ്റുനോറ്റുണ്ടായ മകനെ കണ്ടു കൊതി തീരുന്നതിന് മുൻപേ നഷ്ടപ്പെട്ടപ്പോൾ മാതാപിതാക്കൾ തകർന്നു പോയി. പിന്നെ ഏത് വിധേനയും കുഞ്ഞിനെ കണ്ടെത്തണമെന്ന വാശിയായി അവർക്ക്. കുഞ്ഞിനെ തേടി അവർ ഒരുപാട് അലഞ്ഞു. ഇതിനു വേണ്ടി ഏറെ പണം ചെലവാക്കി. എങ്കിലും കണ്ടെത്താനായില്ല. അച്ഛനും അമ്മയും ആരെന്നറിയാതെ, ഷേ ഷിയാൻഷ്വ 26 വർഷം അനാഥനായി വളർന്നു.
ഒടുവിൽ മാതാപിതാക്കൾ മകൻ ഷേ ഷിയാൻഷ്വയെ ഇക്കഴിഞ്ഞ ഡിസംബർ ഒന്നിന് കണ്ടെത്തി. ഷേ ഷിയാൻഷ്വയെ ഡിസംബറിൽ കണ്ടെത്തുന്നത് വരെ അവനെ തിരയുന്നതിനായി മാതാപിതാക്കൾ ഏകദേശം ഒരു കോടി രൂപയോളം ആണ് ചെലവാക്കിയത്. സ്വന്തം മാതാപിതാക്കളെ കണ്ടെത്തുന്നത് വരെയും താൻ അനാഥൻ ആണെന്ന് വിശ്വസിച്ചിരുന്നയാളാണ് ഷേ ഷിയാൻഷ്വ. എന്നാൽ ഇപ്പോഴിതാ അദ്ദേഹത്തിന് മുന്നിൽ ഒരു പുതിയ ജീവിതത്തിലേക്കും വാതിൽ തുറക്കപ്പെട്ടിരിക്കുകയാണ്.
26 വർഷങ്ങളുടെ അന്വേഷണത്തിന്റെ ഫലമായി തിരികെ കിട്ടിയ മകന് എന്തുനൽകുമെന്ന ആശങ്കയിലാണ് കോടീശ്വരന്മാരായ മാതാപിതാക്കൾ. മകന് വേണ്ടി ഫ്ലാറ്റുകളും ആഡംബര കാറുകളും മറ്റ് വില കൂടിയ സമ്മാനങ്ങളും നൽകാൻ മാതാപിതാക്കൾ തയ്യാറായിരുന്നു. എന്നാൽ, ഇത്രയും വർഷക്കാലം അനാഥനായി, സാധാരണ ജീവിതം നയിച്ച ഷേ ഷിയാൻഷ്വയ്ക്ക് അതൊന്നും ആവശ്യമില്ല. തനിക്കും തന്റെ ഭാര്യക്കും താമസിക്കാനായി ഒരു ഫ്ലാറ്റ് മാത്രം നൽകിയാൽ മതിയെന്നാണ് ഷേ ഷിയാൻഷ്വ മാതാപിതാക്കളെ അറിയിച്ചത്.
പെട്ടെന്ന് ഒരു ദിവസം കോടികൾ വിലമതിക്കുന്ന സ്വത്തുക്കളുടെ അവകാശിയാണെന്ന് തിരിച്ചറിഞ്ഞിട്ടും അതിലൊന്നും കണ്ണ് മഞ്ഞളിച്ചില്ല എന്നതാണ് ഷേ ഷിയാൻഷ്വയെ മറ്റ് പലരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. മാതാപിതാക്കൾ സ്നേഹ സമ്മാനായി നൽകാൻ തയ്യാറായ കോടികൾ വിലമതിക്കുന്ന സമ്മാനങ്ങളാണ് ഷേ ഷിയാൻഷ്വ വേണ്ടെന്ന് വെച്ചത്. സ്വന്തം ലൈവ് സ്ട്രീമിങ് ചാനലിന്റെ വരുമാനം കൊണ്ടാണ് നിലവിൽ ഷേ ഷിൻഷ്വ ജീവിക്കുന്നത്.