കൊച്ചി: പെരുമ്പാവൂരിന്‍റെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ബൈപാസ് നിർമാണം ഏഴുമാസത്തിനുള്ളിൽ പൂർത്തിയാകും. 301 കോടി രൂപയുടെ പദ്ധതിയാണ് പെരുമ്പാവൂർ ബൈപാസ്. പദ്ധതി പൂർത്തീകരിക്കുന്നതിന് എല്ലാ മാസവും പ്രത്യേക അവലോകനം നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ബൈപാസ് ഒന്നാംഘട്ടത്തിന്‍റെ നിർമാണ ഉദ്ഘാടനം മന്ത്രി നടത്തി.
ജനസാന്ദ്രതയേറിയ കേരളത്തിലെ അതിവേഗ നഗരവത്ക്കരണം ഗതാഗത പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇതു പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചു വരികയാണ്. നഗരറോഡ് വികസന പദ്ധതി, ഫ്ളൈ ഓവർ, ജംഗ്ഷൻ നവീകരണം തുടങ്ങിയ പദ്ധതികൾ ഇതിന്‍റെ ഭാഗമാണ്. തടസമില്ലാത്ത റോഡ് ശൃംഖലയ്ക്ക് രൂപം നൽകുകയാണ് ലക്ഷ്യം. ഇതിന് അനുസൃതമായ പദ്ധതികൾ പെരുമ്പാവൂരിലും നടത്തി വരികയാണെന്ന് മന്ത്രി പറഞ്ഞു.
നിരത്ത് വിഭാഗത്തിൽ മാത്രം 41.85 കോടി രൂപയുടെ പദ്ധതികൾ പെരുമ്പാവൂരിൽ പൂർത്തിയാക്കി. 20.29 കോടിയുടെ പദ്ധതികൾക്ക് കൂടി അനുമതി നൽകിയിട്ടുണ്ട്. കിഫ്ബി വഴി 12.68 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കി. പാലങ്ങളുടെ വിഭാഗത്തിൽ 27 കോടിയുടെ മൂന്ന് പദ്ധതികൾ പൂർത്തിയാക്കി. 39.12 കോടി നാല് പദ്ധതികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.