Headlines

കളിക്കാനറിയില്ലെങ്കിൽ നിർത്തി പോ..! ​ഗാബയിലും നിരാശപ്പെടുത്തി രോഹിത്, സൈബറാക്രമണവുമായി ആരാധകർ

ബ്രിസ്ബ്രെയ്ൻ: ​ഗാബ ടെസ്റ്റിലും ഇന്ത്യ തോൽവിയുടെ വക്കിലേക്ക്. ​ഓസ്ട്രേലിയക്കെതിരെ ​ഗാബയിലും മങ്ങിയ പ്രകടനം കാഴ്ചവച്ചതോടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ വിരമിക്കൽ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ക്രിക്കറ്റ് ആരാധകർ. ​ഗാബയിലും മധ്യനിരയിൽ ഇറങ്ങിയ താരം 10 റൺസുമായാണ് കൂടാരം കയറിയത്. അഡ്ലെയ്ഡ് ടെസ്റ്റിലും മധ്യനിരയിൽ ഇറങ്ങിയെങ്കിലും കാര്യമായ സംഭാവനകൾ ഇന്നിം​ഗ്സിലേക്ക് നൽകാൻ രോഹിത്തിനായില്ല.

ബ്രിസ്ബ്രെയ്നിൽ രണ്ട് ബൗണ്ടറികളുമായി ഇന്ത്യൻ ഇന്നിം​ഗ്സിന് പ്രതീക്ഷ നൽകിയെങ്കിലും ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തിൽ ബാറ്റ് വെച്ച് രോഹിത് പുറത്താകുകയായിരുന്നു. രോഹിത്തും കോലിയുമെല്ലാം ഇക്കാര്യത്തിൽ രാഹുലിനെ കണ്ടുപഠിക്കണമെന്നും ആരാധകർ ആവശ്യപ്പെട്ടു. നിതീഷ് കുമാർ റെഡ്ഡിയാണോ രാഹുലാണോ ആദ്യമായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനിറങ്ങുന്നതെന്ന ചോദ്യവും പരിഹാസ രൂപേണ ആരാധകർ ഉന്നയിക്കുന്നുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിൽ അവസാന 13 ഇന്നിം​ഗ്സുകളിൽ നിന്നായി ഒരുതവണ മാത്രമാണ് രോഹിത് അർദ്ധ സെഞ്ച്വറി നേടിയത്. 6, 5, 23, 8, 2, 52, 0, 8, 18, 11, 3, 6, 10 എന്നിങ്ങനെയായിരുന്നു ഈ ഇന്നിം​ഗ്സുകളിലെ താരത്തിന്റെ പ്രകടനം. ഓപ്പണറായാലും മധ്യനിരയിലായാലും രോഹിത്തിന്റെ പ്രകടനത്തിൽ മാറ്റമുണ്ടാകുന്നില്ലെങ്കിലും, മോശം പ്രകടനം തുടരുന്നതിൽ അർത്ഥമില്ലെന്നും വിരമിക്കൽ പ്രഖ്യാപിക്കുകയാണ് താരം ചെയ്യേണ്ടതെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ​ഗാബ ടെസ്റ്റിന്റെ നാലാം ദിനം രോഹിത്തും പുറത്തായതോടെ 5 വിക്കറ്റ് നഷ്ടത്തിൽ 74 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. കെഎൽ രാഹുൽ, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി എന്നിവരുടെ ചെറുത്തുനിൽപ്പാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്നും നാണക്കേടിൽ നിന്നും രക്ഷിച്ചത്. 139 പന്തിൽ നിന്ന് 84 റൺസെടുത്ത രാഹുലാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. രവീന്ദ്ര ജഡേജ 77 റൺസുമെടുത്താണ് മടങ്ങിയത്.

ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 445 റൺസിന് മറുപടിയായി മറുപടിയുമായാണ് ഇന്ത്യ ഇന്ന് മത്സരത്തിനിറങ്ങിയത്. മുൻനിരയും മധ്യനിരയും ഒരുപോലെ തകരുന്ന കാഴ്ചയാണ് ബ്രിസ്ബ്രെയ്നിൽ ആരാധകർക്ക് കാണാനായത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 252 റൺസ് എന്ന നിലയിൽ ഫോളോ ഓൺ ഭീഷണിയിലാണ്. ക്രീസിൽ നിലയുറപ്പിച്ചിരിക്കുന്ന ആകാശ്ദീപിലും ജസ്പ്രീത് ബുമ്രയിലുമാണ് ഇന്ത്യയുടെ ബാറ്റിം​ഗ് പ്രതീക്ഷ. യശസ്വി ജയ്സ്വാൾ, കെഎൽ രാഹുൽ, ശുഭ്മാൻ ​ഗിൽ, വിരാട് കോലി, ഋഷഭ് പന്ത്, മുഹമ്മദ് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. നാല് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസാണ് ഇന്ത്യൻ ബാറ്റിം​ഗ് നിരയുടെ നട്ടെല്ലൊടിച്ചത്. 3 വിക്കറ്റുമായി മിച്ചൽ സ്റ്റാർക്കും ഓസീസ് നിരയിൽ തിളങ്ങി.

Leave a Reply

Your email address will not be published. Required fields are marked *