Headlines

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞ് നിന്ന സ്വര്‍ണവിലയാണ് വീണ്ടും കുതിച്ചുയര്‍ന്നിരിക്കുന്നത്. ഡിസംബര്‍ മാസത്തില്‍ സ്വര്‍ണവിലയില്‍ കുറവ് സംഭവിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അതിനെയെല്ലാം താളം തെറ്റിച്ചുകൊണ്ടാണ് സ്വര്‍ണം മുന്നേറുന്നത്.

ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തിന് ഇന്ന് 57,200 രൂപയാണ് വില. കഴിഞ്ഞ ദിവസം 57,120 രൂപയിലായിരുന്നു സ്വര്‍ണ വ്യാപാരം നടന്നിരുന്നത്. എന്നാല്‍ ഇന്ന് സ്വര്‍ണ വില പ്രതീക്ഷകളെ തകര്‍ത്തുകൊണ്ട് വീണ്ടും മുന്നേറുന്ന റിപ്പോര്‍ട്ടാണ് വിപണിയില്‍ നിന്നെത്തുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7,150 രൂപയാണ്. 80 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയുമാണ് വര്‍ധിച്ചത്.

ഡിസംബര്‍ 16ന് 7,140 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ വെള്ളി,ശനി ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ 1,100 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വീണ്ടും സ്വര്‍ണവില ഉയരുന്നത്.

ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നത് 11,12 തീയതികളിലായിരുന്നു. 58,280 രൂപയായിരുന്നു അന്നത്തെ സ്വര്‍ണവില. സ്വര്‍ണത്തിന് ഇനിയും വില കൂടുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഏകദേശം 60,000 രൂപയ്ക്ക് മുകളില്‍ സ്വര്‍ണം പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും രാഷ്ട്രീയ സാഹചര്യങ്ങളുമാണ് സ്വര്‍ണവിലയില്‍ ഇത്രയും മാറ്റങ്ങള്‍ക്ക് കാരണമാകുന്നത്.

ഡിസംബറിലെ സ്വര്‍ണ നിരക്കുകള്‍ ഇങ്ങനെ

ഡിസംബര്‍ 01: 57,200 രൂപ
ഡിസംബര്‍ 02: 56,720 രൂപ
ഡിസംബര്‍ 03: 57,040 രൂപ
ഡിസംബര്‍ 04: 57,040 രൂപ
ഡിസംബര്‍ 06: 57,120 രൂപ
ഡിസംബര്‍ 07: 56, 920 രൂപ
ഡിസംബര്‍ 08: 56, 920 രൂപ
ഡിസംബര്‍ 09: 57,040 രൂപ
ഡിസംബര്‍ 10: 57,640 രൂപ
ഡിസംബര്‍ 11: 58,280 രൂപ
ഡിസംബര്‍ 12: 58,280 രൂപ
ഡിസംബര്‍ 13: 57,840 രൂപ
ഡിസംബര്‍ 14: 57,120 രൂപ
ഡിസംബര്‍ 15: 57,120 രൂപ
ഡിസംബര്‍ 16: 57,120 രൂപ
ഡിസംബര്‍ 17: 57,200 രൂപ

അതേസമയം, 2025ല്‍ ഈ വര്‍ഷം സംഭവിച്ചതുപോലുള്ള വലിയ കുതിച്ചുചാട്ടം സ്വര്‍ണത്തിന്റെ കാര്യത്തിലുണ്ടാകില്ലെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വര്‍ണവില ഉയര്‍ന്ന് തന്നെ നില്‍ക്കുമെങ്കിസും 2024ലേത് പോലെ വലിയ കുതിപ്പ് സ്വര്‍ണവിലയില്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

2024ല്‍ ഉണ്ടായിരിക്കുന്നത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയ്ക്കുള്ള ഏറ്റവും ഉയര്‍ന്ന സ്വര്‍ണ നിരക്കാണ്. ഇങ്ങനെ സംഭവിച്ചതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. സാമ്പത്തിക അസ്ഥിരതകളും അന്താരാഷ്ട്ര രംഗത്തെ സംഘര്‍ഷങ്ങളുമാണ് പ്രധാന കാരണമായി പറയുന്നത്.

ഇവയ്ക്ക് പുറമേ സെന്‍ട്രല്‍ ബാങ്കുകള്‍ വലിയ തോതില്‍ സ്വര്‍ണം വാങ്ങിയതും വില കൂടുന്നതിന് ആക്കം കൂട്ടി. എന്നാല്‍ 2025ല്‍ പണപ്പെരുപ്പത്തിന് നിയന്ത്രണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഡൊണാള്‍ഡ് ട്രംപ് കൈക്കൊള്ളാന്‍ പോകുന്ന തീരുമാനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കും. വ്യാപാര നയങ്ങളിലും പലിശ നിരക്കുകളിലും ട്രംപിന്റെ നിലപാട് ആയിരിക്കും ഇനി കാര്യങ്ങള്‍ നിശ്ചയിക്കുന്നത്.

അതേസമയം, ഏഷ്യന്‍ രാജ്യങ്ങളില്‍ സ്വര്‍ണത്തിന്റെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ ഇന്ത്യയും ചൈനയുമാണ്. 2024ല്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചുകൊണ്ടുള്ള കേന്ദ്ര തീരുമാനം രാജ്യത്ത് സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിക്കുന്നതിന് കാരണമായി.

Leave a Reply

Your email address will not be published. Required fields are marked *