ഇന്ത്യയുടെ സ്വർണ ഇറക്കുമതി വർധിക്കുകയാണ്. നവംബറിൽ ഇറക്കുമതി 331 ശതമാനം ഉയർന്ന് 1486 കോടി ഡോളറിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിലെ ഇറക്കുമതിയുമായി താരതമ്യം ചെയ്യുമ്പോൾ ഈ സാമ്പത്തിക വർഷം ഏപ്രിൽ-നവംബർ കാലയളവിലെ ഇറക്കുമതി 49 ശതമാനം ഉയർന്ന് 4900 കോടി ഡോളറായി ഉയർന്നിട്ടുണ്ട്.
വാണിജ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം, നവംബറിൽ രാജ്യത്തിലെ സ്വർണ്ണ ഇറക്കുമതിയിലുണ്ടായത് പുതു റെക്കോഡാണ്. നാലിരട്ടിയാണ് ഇറക്കുമതി വർധിച്ചത്. 2023 നവംബറിൽ ഇറക്കുമതി 344 കോടി ഡോളറായിരുന്നു. ഏകദേശം 25 ശതമാനം വരെ ശാരാശരി നേട്ടം 2024 നവംബർ വരെ സ്വർണം നൽകിയിട്ടുണ്ട് എന്നത് മറ്റ് ആസ്തികളുമായി താരതമ്യം ചെയ്യുമ്പൾ സ്വർണത്തെ ആകർഷകമാക്കുന്നു.
കസ്റ്റംസ് തീരുവ വെട്ടിക്കുറച്ചതുൾപ്പെടെയുള്ള ഘടകങ്ങൾ സ്വർണ ഇറക്കുമതി ഉയരാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞ ബജറ്റിൽ സർക്കാർ നികുതി 15 ശതമാനത്തിൽ നിന്ന് ആറു ശതമാനമായി കുറച്ചിരുന്നു.
എന്നാൽ സ്വർണത്തിൻ്റെ ഇറക്കുമതി ഉയരുന്നത് രാജ്യത്തിൻ്റെ കറൻ്റ് അക്കൗണ്ട് കമ്മി ഉയരാൻ കാരണമായി. കയറ്റുമതിയേക്കാൾ ഇറക്കുമതി ഉയരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.