മലപ്പുറം: മങ്കട വലമ്പൂരില്‍ യുവാവിനെ ആള്‍ക്കൂട്ടം ആക്രമിച്ചതായി പരാതി. കരുവാരക്കുണ്ട് സ്വദേശി ഷംസുദീനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. വാഹനം നടുറോഡില്‍ നിര്‍ത്തിയിട്ടത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമായതെന്ന് ഷംസുദീന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ആള്‍കൂട്ടം മര്‍ദിച്ച് അവശനാക്കിയ താന്‍ ഒന്നര മണിക്കൂറോളം റോഡില്‍ കിടന്നിട്ടും ആരും സഹായിച്ചില്ലെന്നും ആശുപത്രിയിലെത്തിച്ചില്ലെന്നും യുവാവ് പറഞ്ഞു. സംഭവത്തില്‍ മങ്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ഒരു മരണവീട്ടില്‍ പോയി തിരികെ വീട്ടിലേക്ക് വരികയായിരുന്നു ഷംസുദീന്‍. ഈ സമയത്ത് റോഡിന് നടുവില്‍ ബൈക്ക് നിര്‍ത്തി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയത് ചോദ്യം ചെയ്തതാണ് അക്രമത്തില്‍ കലാശിച്ചത്.
സംഭവം ചോദ്യം ചെയ്തതോടെ ബൈക്ക് യാത്രികന്‍ ഷംസുദീന് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. ആദ്യം കമ്പുകൊണ്ട് ഇയാള്‍ തന്നെ അടിച്ചെന്നും പിന്നീട് കൂടുതല്‍ ആളുകളെത്തി ആക്രമിക്കുകയായിരുന്നുവെന്നും ഷംസുദീന്‍ പറയുന്നു.
കൂട്ടത്തിലൊരാള്‍ കമ്പി കൊണ്ട് തന്റെ മുഖത്തടിച്ചു. അവിടെ വരുന്നവരെല്ലാം തന്നെ വന്ന് അടിച്ച് തിരികെ പോകുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. ഇതുകണ്ട് കൊണ്ട് നാട്ടുകാര്‍ അവിടെ ഉണ്ടായിരുന്നുവെങ്കിലും മര്‍ദിക്കുന്നവരെ പേടിച്ച് ആശുപത്രിയിലെത്തിച്ചില്ല. പിന്നീട് തന്റെ സ്വന്തം നാട്ടില്‍ നിന്ന് ആളുകളെത്തിയാണ് ആശുപത്രിയിലെത്തിച്ചതെന്ന് ഷംസുദീന്‍ മീഡിയ വണിനോട് പറഞ്ഞു.