വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചപ്പോൾ അതിൽ സൂപ്പർ താരം സഞ്ജു സാംസൺ ഇല്ല. സഞ്ജു, ടീമിന്റെ പരിശീലന ക്യാമ്പിൽ പങ്കെടുക്കാത്തതിനാൽ ടീമിൽ ഉൾപ്പെടുത്തിയില്ല എന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ട്. എന്നാൽ, ക്യാമ്പ് ഉപേക്ഷിച്ച് വിശ്രമം എടുക്കാനുള്ള സഞ്ജു സാംസണിന്റെ തീരുമാനം ഇന്ത്യൻ ഏകദിന ടീം സെലക്ഷൻ സാധ്യതയെ പ്രതികൂലമായി ബാധിച്ചേക്കും എന്നാണ് പൊതുവായ നിഗമനം.
അതേസമയം, സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വൻറി – 20 ക്രിക്കറ്റിൽ കേരളത്തിൻറെ ക്യാപ്റ്റനായിരുന്നു സഞ്ജു സാംസൺ. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കു ശേഷം ആവശ്യമായ വിശ്രമം സഞ്ജു സാംസണിനു ലഭിച്ചിട്ടില്ല എന്നതും വാസ്തവം. കാരണം, ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ ട്വൻറി – 20 പരമ്പരകൾക്കു തൊട്ടു പിന്നാലെ ആയിരുന്നു ആഭ്യന്തര ട്വൻറി – 20 ടൂർണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടം.
ഏതായാലും 2025 ഐ സി സി ചാംപ്യൻസ് ലീഗ് ഏകദിന ക്രിക്കറ്റ് ഉൾപ്പെടെയുള്ള പോരാട്ടങ്ങൾ അടുത്തു വരുന്നതിന്റെ ഇടയിൽ സഞ്ജു സാംസൺ വിജയ് ഹസാരെ ട്രോഫിയിൽ നിന്ന് വിട്ടുനിൽക്കുന്നത് പ്രതികൂലമായി ബാധിച്ചേക്കും എന്നാണ് കണക്കുകൂട്ടൽ. വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനങ്ങൾ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യയുടെ ടീം സെലക്ഷനെയും സ്വാധീനിക്കും.