അടുത്ത ലെവലിലേക്ക് വളരുകയാണ് ചാറ്റ്ജിപിടി. ക്രിയാത്മകമായി മനുഷ്യന് ചെയ്യാന്‍ കഴിയുന്നതെല്ലാം നേടുന്ന നിലയിലേക്ക് ചാറ്റ്ജിപി വളരുകയാണ്, അത്ഭുതകരമായും ഭയാനകമായും… എഴുത്ത് ഭാഷ തിരിച്ചറിയാനും അതിന് മറുപടി നല്‍കാനും കഴിവുണ്ടായിരുന്ന ചാറ്റ്ജിപിടിക്ക് ഇന്ന് സംസാര ഭാഷ തിരിച്ചറിയാനും മറുപടി നല്‍കാനും കഴിയുന്ന രീതിയിലേക്ക് വളര്‍ന്നു.
ഇപ്പോഴിതാ അതിനേക്കാളൊക്കെ വളര്‍ന്നിരിക്കുകയാണ് ചാറ്റ്ജിപിടി. അല്ലെങ്കില്‍ വളര്‍ത്തുകയാണ് ഓപ്പണ്‍ എഐ. ചാറ്റ്ജിപിടിയുമായി വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്യാനുള്ള സേവനമാണ് അവതരിപ്പിച്ചിരിക്കുന്നത്. അപ്പുറത്തുള്ളത് ഒരു മനുഷ്യനല്ലെന്ന് തോന്നിപ്പിക്കാത്ത രീതിയില്‍ ചാറ്റില്‍ ഇനി ചാറ്റ്ജിപിടി ഉണ്ടാകും. മെറ്റയുടെ എഐയ്‌ക്കൊപ്പം ഇനി ചാറ്റ്ജിപിടിയും വാട്‌സ്ആപ്പ് ഭരിക്കുമെന്ന് ചുരുക്കം.
അവിടേയും തീര്‍ന്നില്ല, ഒരു നമ്പരില്‍ വിളിച്ചാല്‍ ചാറ്റ്ജിപിടിയോട് നേരിട്ട് സംസാരിക്കുകയുമാകാം. 1-800-242-8478 ആണ് ചാറ്റ്ജിപിടിയുടെ നമ്പര്‍. ചാറ്റ്ജിപിടിയിലെ വോയ്‌സ് മോഡില്‍ സംസാരിക്കുന്നതു പോലെയായിരിക്കും ഇത്. ഈ ടോള്‍ഫ്രീ നമ്പരിലേക്ക് ലോകത്തിന്റെ ഏത് ഭാഗത്തു നിന്നും വിളിക്കാവുന്നതാണ്. കുറഞ്ഞ ഡാറ്റ മൊബൈല്‍ കണക്ഷനിലാണെങ്കില്‍പ്പോലും അകയുമായി ഇടപഴകാന്‍ ആളുകളെ അനുവദിക്കുന്നതിനുള്ള ഒരു മാര്‍ഗമാണിത്. യുഎസിലും കാനഡയിലുമാണ് നിലവില്‍ ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. പ്രതിമാസം 15 മിനിറ്റ് വരെ ഈ രീതിയില്‍ ചാറ്റ് ജിപിടിയെ ഫോണ്‍ ചെയ്ത് സംസാരിക്കാനാവും.
ഉടന്‍ തന്നെ ഇത് എല്ലാ രാജ്യങ്ങളിലേക്കും വ്യാപിക്കുമെന്ന് ഉറപ്പ്. വാട്‌സ്ആപ്പിലേക്കുള്ള ചാറ്റ്ജിപിടിയുടെ എന്‍ട്രി വന്‍ മാറ്റങ്ങള്‍ക്കായിരിക്കും തുടക്കമിടുക. ലോകത്തെമ്പാടുമായി 2.7 ബില്യണ്‍ ആളുകളാണ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. ഇത് അടുത്ത വര്‍ഷത്തോടെ 3 ബില്യണ്‍ ആകും. ചാറ്റ്ജിപി അടക്കമുള്ള എഐയുടെ സാധ്യതകള്‍ വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ലോകം കാണാനിരിക്കുന്നതേയുള്ളൂ എന്ന് ചുരുക്കം.
ഇതിനെല്ലാം പുറമേ, ഓപ്പണ്‍എഐയുടെ മൊബൈല്‍ ആപ്പുകളിലും വെബ്‌സൈറ്റിലും അക്കൗണ്ടുള്ള എല്ലാ ഉപയോക്താക്കള്‍ക്കും ചാറ്റ്ജിപിടിയുടെ സെര്‍ച്ച് സൗജന്യമായി ലഭിക്കുമെന്നും പ്രഖ്യാപനമുണ്ട്. സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിനായിരിക്കും ഇത് വെല്ലുവിളിയാകാന്‍ പോകുന്നത്. എഐ അധിഷ്ടിതമായ സെര്‍ച്ചിങ് ഇന്റര്‍നെറ്റില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി തുറക്കും.