Headlines

ശബരിമലയിൽ പുതിയ റെക്കോഡ്; ഇന്നലെ എത്തിയത് 96,007 ഭക്തർ, സ്‌പോട്ട് ബുക്കിങ്ങിൽ വർധന

ശബരിമല: ഈ മണ്ഡലകാലത്ത് ശബരിമലയിൽ ഏറ്റവും കൂടുതൽ പേർ ദർശനത്തിനെത്തിയത് ഇന്നലെ (ഡിസംബർ 19). 96,007 ഭക്തരാണ് വ്യാഴാഴ്ച ദർശനം നടത്തിയത്. സ്‌പോട്ട് ബുക്കിങ്ങിലും വൻ വർധനയുണ്ട്. ഇന്നലെ മാത്രം 22,121 പേർ സ്‌പോട്ട് ബുക്കിങ്ങിലൂടെ ദർശനം സാധ്യമാക്കി. ഇന്നും (ഡിസംബർ 20) ഭക്തജനത്തിരക്കിൽ കാര്യമായ വർധനയുണ്ട്. ഉച്ചയ്ക്കു 12 മണിവരെ 54099 ഭക്തരാണ് സന്നിധാനത്തേക്ക് എത്തിയത്.

പമ്പ വഴി 51818 പേരും പുൽമേടുവഴി 2281 പേരുമാണ് ഉച്ചയ്ക്കു 12 മണിവരെ എത്തിയത്. ഇതിൽ സ്‌പോട്ട് ബുക്കിങ് മാത്രം 11657 പേർ. ഇന്നലെ ഉച്ചയ്ക്കു 12വരെ 46000 പേരാണ് പമ്പവഴി എത്തിയത്. ഇന്നലത്തെ അപേക്ഷിച്ച് ഈ സമയം വരെയുള്ള വർധന ആറായിരത്തോളം. ഡിസംബർ 19ന് എത്തിയ 96007 പേരിൽ 70000 പേർ വെർചൽ ക്യൂ വഴിയും 22121 പേർ സ്‌പോട്ട് ബുക്കിങ് വഴിയുമാണ് എത്തിയത്. പുൽമേട് വഴി 3016 പേരും എരുമേലി കാനനപാത വഴി 504 പേരും എത്തി.

സീസണിലെ ഏറ്റവും വലിയ ഭക്തജനത്തിരക്കുണ്ടായിട്ടും ദർശനം സുഗമമാക്കാനും ഭക്തർക്കു പരാതിരഹിതമായി അയ്യപ്പനെ കണ്ടുമടങ്ങാനും പോലീസും മറ്റു സംവിധാനങ്ങളും വഴിയൊരുക്കുന്നുണ്ട്. ക്യൂവിന്റെ നീളം കൂടുന്നുണ്ടെങ്കിലും അനാവശ്യമായ തിക്കും തിരക്കുമില്ലാതെ ദർശനം നടത്താനായതിന്റെ സന്തോഷത്തിലാണ് ഭക്തസഹസ്രങ്ങൾ മടങ്ങുന്നതും. ഭക്തരുടെ എണ്ണം കുതിച്ചുയർന്നിട്ടും യാതൊരുതരത്തിലുമുള്ള അധികനിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ഒരിടത്തും ഭക്തരെ തടയുകയോ ചെയ്തിട്ടില്ലെന്നും സുഖദർശനം ഉറപ്പാക്കിയെന്നും സന്നിധാനം സ്‌പെഷൽ ഓഫീസർ ബി. കൃഷ്ണകുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *