അബുദാബി: യുഎഇയിലെ വിദ്യാര്‍ഥികളുടെ വാര്‍ഷിക സ്‌കൂള്‍ ആരോഗ്യ പരിശോധനയ്ക്ക് സമഗ്രമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് യുഎഇ. രാജ്യത്തെ എല്ലാ എമിറേറ്റുകളിലും ബാധകമാവുന്ന രീതിയിലാണ് പുതിയ സ്‌കൂള്‍ ഹെല്‍ത്ത് കെയര്‍ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
വിദ്യാര്‍ഥികളുടെ ആരോഗ്യ സംരക്ഷണ ശ്രമങ്ങള്‍ ഏകീകരിക്കുന്നതിനും യുഎഇയിലെ യുവാക്കള്‍ക്കിടയില്‍ ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനുമായി നാഷണല്‍ സ്‌കൂള്‍ ഹെല്‍ത്ത് സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി അധികൃതര്‍ അറിയിച്ചു.
കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ഗ്രേഡ് 12 വരെയുള്ള സ്‌കൂള്‍ കുട്ടികളുടെ ആരോഗ്യം, വളര്‍ച്ച തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്‌ക്രീനിങ്ങിൻ്റെ ഭാഗമായി പരിശോധനയ്ക്ക് വിധേയമാക്കും. ആവശ്യമെങ്കില്‍ ഇവര്‍ക്ക് മുന്‍കൂട്ടിയുള്ള ഇടപെടലും പിന്തുണയും നല്‍കാന്‍ ഇത് സഹായകമാവുമെന്ന് ആരോഗ്യ, പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
പുതിയ മാര്‍ഗനിര്‍ദേശത്തില്‍ വിദ്യാര്‍ഥികളിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനുള്ള വിശദമായ ഘട്ടങ്ങള്‍ മന്ത്രാലയം വിവരിക്കുന്നുണ്ട്.