ബെംഗളൂരു: ക്രിസ്മസ് അവധിയ്ക്ക് കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ തമിഴ്നാട്ടിലേക്ക് രണ്ട് ട്രെയിനുകൾ കൂടി പ്രഖ്യാപിച്ച് സതേൺ റെയിൽവേ. ബെംഗളൂരുവിൽ നിന്ന് തൂത്തുക്കുടി, ചെന്നൈ സെൻട്രൽ എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചത്. കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ വേണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടിട്ടും പുതിയ സ്പെഷ്യൽ ട്രെയിനുകളൊന്നും റെയിൽവേ പ്രഖ്യാപിച്ചിട്ടില്ല. കേരള ട്രെയിനുകളിൽ വൻതിരക്കാണ് നിലവിൽ അനുഭവപ്പെടുന്നത്.
അവധി തുടങ്ങുന്ന ദിവസമായ ഇന്നലെ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസുകളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പ്രതിദിന സർവീസുകളായ മൈസൂരു – തിരുവനന്തപുരം നോർത്ത് , കെഎസ്ആർ ബെംഗളൂരു – എറണാകുളം എക്സ്പ്രസ് ട്രെയിനുകളിലെ റിസർവേഷൻ കോച്ചുകളിൽ പോലും ആളുകൾ തള്ളിക്കയറുകയായിരുന്നു.
07319 കെഎസ്ആർ ബെംഗളൂരു – എംജിആർ ചെന്നൈ സെൻട്രൽ സ്പെഷ്യൽ ട്രെയിനിന്‍റെയും 07362 തൂത്തുക്കുടി – ബെംഗളൂരു സ്പെഷ്യൽ ട്രെയിനിന്‍റെയും സർവീസ് ഇന്നാണ്. തൂത്തുക്കൂടിയിൽ നിന്ന് ഉച്ചയ്ക്ക് ഒരുമണിയ്ക്കാണ് ബെംഗളൂരുവിലേക്ക് ട്രെയിൻ പുറപ്പെടുന്നത്. നാള പുലർച്ചെ മൂന്ന് മണിയ്ക്ക് ബെംഗളരുവിലെത്തും. മധുരൈ, ദിണ്ടിഗൽ, സേലം തുടങ്ങിയ സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്.