Headlines

ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനം; മാനേജ്‌മെന്റിനോട് ചോദ്യങ്ങളുമായി മഞ്ഞപ്പട

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മോശം പ്രകടനം തുടരുന്ന സാഹചര്യത്തില്‍ വീണ്ടും പ്രതിഷേധം രേഖപ്പെടുത്തി ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. നേരത്തെയും മാനേജ്‌മെന്റിനെതിരെ നിലപാടെടുത്ത മഞ്ഞപ്പട നിർണായകമായ ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.

വിജയം കൈവരിക്കാന്‍ കൃത്യമായ പ്ലാനും വിജയിക്കാനുള്ള മാനസികാവസ്ഥയും വേണം. അത്തരത്തിലൊരു നേതൃത്വവും തന്ത്രവും ബ്ലാസ്റ്റേഴ്‌സിന് ഇപ്പോഴുണ്ടോ എന്ന് മഞ്ഞപ്പട ചോദിക്കുന്നു. നിര്‍ണായക സമയങ്ങളില്‍ മുന്നോട്ട് വന്ന് കളി ജയിപ്പിക്കാന്‍ ആവശ്യമുള്ള കളിക്കാര്‍ ഉണ്ടോ? ഉണ്ടെങ്കില്‍ ആരാധകര്‍ക്ക് അങ്ങനെയൊന്ന് കാണാന്‍ കഴിയുന്നില്ലല്ലോ. എന്താണ് ഇവിടെ നഷ്ടമായിരിക്കുന്നത്? വളരെ നിര്‍ണായകമായ സാഹചര്യങ്ങളെ കൃത്യമായി കൈയ്യിലൊതുക്കുന്നതിനാവശ്യമായ നിശ്ചയദാര്‍ഢ്യവും ഉത്സാഹവും എവിടെ പോയെന്നും മഞ്ഞപ്പട ചോദിക്കുന്നു.

നിരന്തരമായി പരുക്ക് പറ്റുന്നതും കളിക്കാര്‍ അണ്‍ഫിറ്റ് ആകുന്നതും വ്യക്തമാക്കുന്നത് ഫിറ്റ്‌നസ് മാനേജ്‌മെന്റിന്റെയും പ്രൊഫഷണലിസത്തിന്റെയും കുറവാണ്. നല്ല മാറ്റം ഇതില്‍ ഉണ്ടാവുമോ? പരുക്ക് പറ്റുന്നതും അതില്‍ നിന്ന് തിരിച്ചുവരാന്‍ വൈകുന്നതും മാനേജ്‌മെന്റ് നല്‍കുന്ന മെഡിക്കല്‍ സിസ്റ്റത്തിന്റെ പരാജയമാണെന്നും മഞ്ഞപ്പട ചൂണ്ടിക്കാണിക്കുന്നു.

ഗോള്‍കീപ്പര്‍, റൈറ്റ് ബാക്ക്, റൈറ്റ് വിങ്ങര്‍, ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍, സെന്റര്‍ ബാക്ക് തുടങ്ങി നിര്‍ണായക ഇടങ്ങളില്‍ യോഗ്യരായ കളിക്കാര്‍ ആവശ്യമാണ്. ആ വിടവ് ഇല്ലാതാക്കാന്‍ എന്താണ് താമസം എന്നും മഞ്ഞപ്പട ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *