Headlines

ശബരിമല അയ്യപ്പന് ചാർത്താൻ 451 പവൻ തൂക്കമുള്ള തങ്ക അങ്കി; ആറന്മുളയിൽനിന്ന് ഘോഷയാത്ര തുടങ്ങി; 25ന് സന്നിധാനത്തെത്തും

പത്തനംതിട്ട: ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര പുറപ്പെട്ടു. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് രാവിലെ ഏഴരയോടെയാണ് ഘോഷയാത്ര പുറപ്പെട്ടത്. വിവിധ സ്ഥലങ്ങളിൽ സ്വകരണങ്ങൾ ഏറ്റുവാങ്ങി ഘോഷയാത്ര 25ന് ഉച്ചയ്ക്ക് 1:30ന് പമ്പയിൽ എത്തും. ഉച്ചയ്ക്ക് ശേഷം സന്നിധാനത്തേക്കുള്ള യാത്രയിൽ ശരംകുത്തിയിൽ ദേവസ്വം ബോർഡ് അധികൃതർ ആചാരപരമായ സ്വീകരണം നൽകും. 25ന് വൈകിട്ട് ഏഴു മണിക്ക് തങ്ക അങ്കി ചാർത്തിയുള്ള മഹാദീപാരാധന നടക്കും. 26നാണ് മണ്ഡലപൂജ.

പുലർച്ചെ മുതൽ ആറന്മുള ക്ഷേത്രാങ്കണത്തിൽ തങ്ക അങ്കി ദർശിക്കാൻ ഭക്തർക്ക് അവസരമൊരുക്കിയിരുന്നു. ഓമല്ലൂർ ശ്രീ രക്തകണ്ഠ സ്വാമി ക്ഷേത്രം, കോന്നി മുരിങ്ങമംഗലം ക്ഷേത്രം, പെരുനാട് ശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര വിശ്രമിക്കും. പോലീസ് സംഘം സുരക്ഷ ഒരുക്കി ഘോഷയാത്രയെ അനുഗമിക്കുന്നുണ്ട്

അയ്യപ്പന് മണ്ഡലപൂജയ്ക്ക് അണിയാനായി തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ ആണ് 451 പവൻ തൂക്കമുള്ള തങ്ക അങ്കി ശബരിമലയിൽ സമർപ്പിച്ചത്. സ്വർണ പീഠം, പാദുകം, മാഡഗി, കൈയുറ, മുഖം, കിരീടം എന്നിവ ഉൾപ്പെടുന്നതാണ് തങ്ക അങ്കി. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ ശബരിമല സ്ട്രോങ് റൂമിൽ സൂക്ഷിക്കുന്ന തങ്ക അങ്കി മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനായി മാത്രമാണ് പുറത്തെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *