ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ബിഹാറിന്റെ 13 കാരനായ വൈഭവ് സൂര്യവന്‍ഷിയെ (Vaibhav Suryavanshi) ടീമിലെടുത്തത് ഏവരേയും ഞെട്ടിച്ചിരുന്നു. പല സീനിയര്‍ താരങ്ങള്‍ക്കും ലഭിക്കാത്ത തുകയ്ക്കാണ് കൗമാര താരത്തെ റോയല്‍സ് ലേലത്തില്‍ പിടിച്ചത്. ഐപിഎല്ലില്‍ കരാര്‍ ചെയ്യപ്പെട്ട ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോഡും വൈഭവ് സൂര്യവന്‍ഷി സ്വന്തമാക്കുകയുണ്ടായി.
സൂര്യവന്‍ഷിയെ ടീമിലെടുക്കാനുണ്ടായ സാഹചര്യങ്ങളും അതിന് പ്രേരിപ്പിച്ച കാരണങ്ങളും ആദ്യമായി വിശദീകരിക്കുകയാണ് റോയല്‍സിന്റെ നായകന്‍ സഞ്ജു സാംസണ്‍ (Sanju Samson). എബി ഡിവില്ലിയേഴ്‌സിന്റെ യൂട്യൂബ് ചാനലില്‍ അദ്ദേഹവുമായി സംസാരിക്കുകയായിരുന്നു സഞ്ജു.
സൂര്യവന്‍ഷിയുടെ വരവ് ടീമില്‍ ‘എന്തോ പ്രത്യേകത’ കൊണ്ടുവന്നതായി സഞ്ജു പറയുന്നു. ചെന്നൈയില്‍ നടന്ന അണ്ടര്‍ 19 ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്യുന്നത് കണ്ടാണ് റോയല്‍സ് സൂര്യവന്‍ഷിയില്‍ നോട്ടമിടുന്നതെന്ന് സഞ്ജു വെളിപ്പെടുത്തി.