Headlines

പൂനെയിൽ ഫുട്‌പാത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി; 2 കുഞ്ഞുങ്ങളുൾപ്പെടെ 3 പേർ മരിച്ചു; 6 പേർക്ക് പരുക്ക്

മഹാരാഷ്ട്ര പൂനെയിൽ ഫുട്‍പാത്തിലേക്ക് ട്രക്ക് കയറി അപകടം. രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഫുട്‌പാത്തിൽ ഉറങ്ങിക്കിടന്നിരുന്നവർക്കിടയിലേക്ക് ട്രക്ക്  പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവസമയത്ത് ട്രക്ക് ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായി.

ഞായറാഴ്ച രാത്രി 12.30ഓടെ പൂനെയിലെ കേശ്‌നന്ദ് ഫാട്ടാ പ്രദേശത്താണ് അപകടമുണ്ടായത്. ഫുട്‌പാത്തിൽ നിരവധി ആളുകൾ ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ഇവരിൽ ഭൂരിഭാഗം ആളുകളും തൊഴിലാളികളാണ്. ഇവരുടെ ദേഹത്തേക്ക് ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. ഒന്നും രണ്ടും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങൾക്കാണ് ജീവൻ നഷ്ടമായത്. പരുക്കേറ്റവരെ സാസ്സൂൺ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫുട്‌പാത്തിൽ ഉറങ്ങിക്കിടന്നവരെല്ലാം മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്ന് പൂനെയിലെ കൺസ്ട്രക്ഷൻ സൈറ്റുകളിലേക്ക് ജോലിക്കെത്തിയ കൂലിപ്പണിക്കാരാണെന്ന് പ്രദേശവാസികൾ പറയുന്നു.

ട്രക്ക് ഡ്രൈവർ ഗജാനൻ ശങ്കർ ടോത്രേയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാരതീയ ന്യായ സംഹിത സെക്ഷൻ 105, 281, 125 (എ), 125 (ബി) എന്നിവ പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് അറസ്റ്റ്. അപകടത്തിന് ശേഷം നടത്തിയ വൈദ്യപരിശോധനയിൽ, ഇയാൾ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. പ്രതി അമിത വേഗത്തിലായിരുന്നു ട്രക്ക് ഓടിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *