അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച രവിചന്ദ്രന്‍ അശ്വിന് (Ravichanran Ashwin) പകരക്കാരനായി പുതിയ താരം എത്തുന്നു. മുംബൈയുടെ ഓഫ്സ്പിന്‍ ഓള്‍റൗണ്ടറായ തനുഷ് കൊട്ടിയനെ (Tanush Kotian) ഇന്ത്യന്‍ ടീമില്‍ (Indian Cricket Team) ഉള്‍പ്പെടുത്താന്‍ ദേശീയ സെലക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തു.
ഓസ്ട്രേലിയയില്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ കൊട്ടിയനെ ഉള്‍പ്പെടുത്തണമെന്നാണ് സെലക്ടര്‍മാര്‍ ആവശ്യപ്പെട്ടത്. നിലവില്‍ അഹമ്മദാബാദിലുള്ള കൊട്ടിയന്‍ മുംബൈയിലേക്ക് മടങ്ങും. നാളെ ചൊവ്വാഴ്ച അവിടെ നിന്ന് മെല്‍ബണിലേക്ക് വിമാനം കയറും.
അടുത്തിടെ ഓസ്ട്രേലിയയില്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. അതിനാല്‍ അദ്ദേഹത്തിന് വിസ പ്രശ്നമുണ്ടാകില്ല. അശ്വിന്റെ പകരക്കാരനായി കൊട്ടിയനെ അവസാന രണ്ട് ടെസ്റ്റുകളില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഇപ്പോള്‍ നടന്നുവരുന്ന വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈ ടീമിന്റെ ഭാഗമാണ് കൊട്ടിയന്‍. 33 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 41.21 ശരാശരിയില്‍ 1525 റണ്‍സും 25.70 ശരാശരിയില്‍ 101 വിക്കറ്റും നേടിയിട്ടുണ്ട്. 2023-24ല്‍ മുംബൈ രഞ്ജി ട്രോഫി നേടിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നേടി. രഞ്ജി ട്രോഫി 2023-24ല്‍ 41.83 ശരാശരിയില്‍ 502 റണ്‍സും 16.96 ശരാശരിയില്‍ 29 വിക്കറ്റും നേടി.