സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ റെഡ് വോളന്റിയേഴ്സ് മാർച്ചിൽ രക്ഷിതാക്കളുടെ അനുവാദം കൂടാതെ സ്കൂളിൽ നിന്ന് വിദ്യാർഥിയെ കൂട്ടിക്കൊണ്ടുപോയി. സംഭവം വിവാദമായതോടെ പാർട്ടി പ്രവർത്തകർ വിദ്യാർത്ഥിയെ തിരികെ സ്കൂളിൽ എത്തിച്ചു. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് പരേഡിന് കൊണ്ടുപോയതെന്ന് വിദ്യാർഥി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ വിദ്യാർത്ഥി റെഡ് വോളന്റിയറായി സമ്മേളനങ്ങളിൽ സ്ഥിരമായി പങ്കെടുക്കാറുണ്ടെന്നാണ് പാർട്ടി പ്രവർത്തകരുടെ വാദം. സംഭവത്തിൽ കുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
തിരുവനന്തപുരം പേരൂർക്കട പിഎസ്എം ഗവൺമെന്റ് ഹൈസ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി സിദ്ധാർത്ഥിനെ പിതാവ് അറിയാതെ സിപിഎം ജില്ലാ സമ്മേളനത്തിലെ റെഡ് വോളന്റിയേഴ്സ് മാർച്ചിന് കൊണ്ടുപോയതാണ് വിവാദമായത്. എൻഎസ്എസ് ക്യാമ്പിനിടെ വിദ്യാർഥിയെ മാർച്ചിനുകൊണ്ടുപോവുകയായിരുന്നു. സ്കൂളിലെത്തിയ സിദ്ധാർത്ഥിന്റെ അച്ഛൻ മകനെ തിരക്കിയപ്പോൾ, പാർട്ടി ജില്ലാ സമ്മേളനത്തിന്റെ റെഡ് വോളന്റിയേഴ്സ് മാർച്ചിൽ പങ്കെടുക്കാൻ പോയെന്ന മറുപടിയായിരുന്നു ലഭിച്ചത്.
എന്നാൽ സിപിഎം പഴയാറ്റുംകര ബ്രാഞ്ച് സമ്മേളനത്തിന്റെയും പേരൂർക്കട ഏരിയാ സമ്മേളനത്തിന്റെയും പ്രകടനങ്ങളിൽ റെഡ് വോളന്റിയറായി സിദ്ധാർത്ഥ് പങ്കെടുത്തിട്ടുണ്ടെന്നാണ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയ സിപിഎം പ്രവർത്തരുടെ വാദം. സിദ്ധാർത്ഥിന് റെഡ് വോളന്റിയേഴ്സ് യൂണിഫോമും ഉണ്ട്. അതേസമയം ഈ യൂണിഫോം സിദ്ധാർത്ഥിന്റെ വീട്ടിൽ നിന്ന് പാർട്ടി പ്രവർത്തകർ എടുത്തുകൊണ്ടുപോയത് മറ്റൊരു കുട്ടിക്ക് നൽകാനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ ഹരികുമാർ പറയുന്നത്.