രാജസ്ഥാനിലെ കോട്‍പുത്‍ലി-ബെഹ്‍രർ ജില്ലയിൽ മൂന്ന് വയസുകാരി ചേതന കുഴൽക്കിണറിൽ വീണു. 150 അടി ആഴമുള്ള കുഴൽക്കിണറിലാണ് കുഞ്ഞ് വീണത്. സരുന്ദ് പ്രദേശത്തെ പിതാവിൻ്റെ കൃഷിയിടത്തിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തിൽ കുഴൽക്കിണറിലേക്ക് വീഴുകയായിരുന്നു. സ്ഥലത്ത് എൻഡിആർഎഫ്-എസ്‍ഡിആർഎഫ് സേനകൾ സംയുക്തമായി രക്ഷാപ്രവർത്തനം നടത്തുകയാണ്.
ക്യാമറയിലൂടെ കുഞ്ഞിൻ്റെ ചലനം നിരീക്ഷിക്കുകയും, ഓക്സിജൻ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.
വ്യവസായ മന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും പെൺകുട്ടിയെ വേഗത്തിൽ രക്ഷപ്പെടുത്താൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ദൗസ ജില്ലയിൽ അഞ്ച് വയസ്സുള്ള ആൺകുട്ടി കുഴൽക്കിണറിൽ വീണിരുന്നു. 55 മണിക്കൂറിലേറെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.