മസ്‌കറ്റ്: ഒമാനില്‍ എക്സൈസ് നികുതി ബാധകമായ ചരക്കുകളില്‍ ഒട്ടിച്ചിരിക്കേണ്ട ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പുകള്‍ 2025 ജനുവരി 31 മുതല്‍ ശീതളപാനീയ ഉല്‍പന്നങ്ങളുടെ എല്ലാ ഇറക്കുമതികള്‍ക്കും ബാധകമാകുമെന്ന് ഒമാന്‍ ടാക്‌സ് അതോറിറ്റി വ്യക്തമാക്കി. ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകളിലും നികുതി സ്റ്റാമ്പ് വേണമെന്ന് അധികൃതര്‍ തീരുമാനിച്ചത്. സ്റ്റാമ്പുകളില്‍ ഡിജിറ്റല്‍ ഡാറ്റ് രൂപത്തിലോ നേരിട്ട് രേഖപ്പെടുത്തിയതോ ആയ നികുതി സംബന്ധമായ വിവരങ്ങള്‍ അടങ്ങിയിരിക്കണം.
രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഇത്തരം ഉല്‍പ്പന്നങ്ങള്‍ എക്‌സൈസ് തീരുവ നിയമം പാലിക്കുന്നുവെന്ന് നിരീക്ഷിക്കാനും ട്രാക്കുചെയ്യാനും കണ്ടെത്താനും നികുതി അധികാരികളെ പ്രാപ്തരാക്കുന്നതിന് വേണ്ടിയാണിത്. 2019 ന്‍റെ മധ്യത്തിലാണ് എക്‌സൈസ് തീരുന നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. ഇതുപ്രകാരം ചില ഉല്‍പ്പന്നങ്ങളില്‍ 50 മുതല്‍ 100 ശതമാനം വരെ എക്‌സൈസ് നികുതി ചുമത്താന്‍ തുടങ്ങിയിരുന്നു. സിഗരറ്റ്, പുകയില ഉല്‍പന്നങ്ങള്‍, മദ്യം, സ്പിരിറ്റുകള്‍, കാര്‍ബണേറ്റഡ്, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്കാണ് എക്‌സൈസ് തീരുവ ബാധകം
പഞ്ചസാര മധുരമുള്ള പാനീയങ്ങള്‍, ടിന്നിലടച്ച ജ്യൂസുകള്‍, മറ്റ് റെഡി-ടു ഡ്രിങ്ക് പാനീയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി 2020 ഒക്ടോബറില്‍ എക്‌സൈസ് തീരുവ ബാധകമായ ഉല്‍പ്പന്നങ്ങളുടെ പട്ടിക വീണ്ടും വിപുലീകരിച്ചു. നിലവില്‍ സിഗരറ്റിനും മറ്റ് പുകയില ഉല്‍പന്നങ്ങള്‍ക്കും മാത്രമാണ് നികുതി സ്റ്റാമ്പ് വ്യവസ്ഥ ബാധകം. എന്നാല്‍ പുതിയ തീരുമാനപ്രകാരം ജനുവരി 31 മുതല്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ശീതള പാനീയങ്ങള്‍ക്കും ഈ വ്യവസ്ഥ ബാധകമാണ്.