നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും കഠിനാധ്വാനിയായ കളിക്കാരിൽ ഒരാളാണ് ഇടം കൈയ്യൻ ഓപ്പണറായ യശസ്വി ജയ്സ്വാൾ. ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ കിടിലൻ സെഞ്ചുറി നേടിയിരുന്ന യശസ്വിക്ക് പക്ഷേ പിന്നീട് പ്രതീക്ഷിച്ച മികവിലേക്ക് ഉയരാൻ സാധിച്ചിരുന്നില്ല. ഈ മാസം 26 ന് മെൽബണിൽ ആരംഭിക്കാനിരിക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിൽ താരത്തിന്റെ കിടിലൻ തിരിച്ചുവരവാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
നാലാം ടെസ്റ്റിൽ ഫോമിലേക്ക് തിരികെ എത്തുകയെന്ന ലക്ഷ്യം മുൻ നിർത്തി കഠിന പരിശീലനത്തിലാണ് യശസ്വി. അതിനിടെ ഇപ്പോളിതാ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിന്റെ വെല്ലുവിളി നേരിടുന്നതിനായി സ്പെഷ്യൽ നെറ്റ്സ് പരിശീലനം അദ്ദേഹം നടത്തിയതായി റിപ്പോർട്ടുകൾ വന്നിരിക്കുന്നു.
ഇന്ത്യൻ ടീമിലെ മറ്റ് താരങ്ങൾ പരിശീലനം പൂർത്തിയാക്കിയിട്ടും നെറ്റ്സിൽ തുടർന്ന യശസ്വി ഇടം കൈ ത്രോ ഡൗണിനെതിരെ ഏറെ നേരം ബാറ്റ് ചെയ്തെന്നാണ് ഓസ്ട്രേലിയയിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ കളികളിൽ മിച്ചൽ സ്റ്റാർക്കിന് മുന്നിൽ പതറിയ യശസ്വി നാലാം ടെസ്റ്റിൽ സ്റ്റാർക്കിനെതിരെ മികച്ച രീതിയിൽ കളിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു മുന്നൊരുക്കം നടത്തുന്നത്.